കൽക്കിക്ക് പിന്നാലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനൊരുങ്ങി പ്രഭാസ്. സീതാരാമത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസ് പ്രധാന വേഷത്തിലെത്തുന്നത്. പ്രഭാസ് ഹനു എന്നാണ് ചിത്രത്തിന് താത്കാലിക പേരിട്ടിരിക്കുന്നത്. പ്രഭാസിന്റെ കരിയറിലെ മറ്റൊരു ഹിറ്റ് ചിത്രമായിരിക്കും വരാനിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഹനു രാഘവപുടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു യോദ്ധാവിന്റെ കഥ പറയുന്ന ചിത്രം 1940 കാലഘട്ടത്തെ ആസ്പദമാക്കിയാണ് നിർമിക്കുന്നത്. വലിയൊരു ദൃശ്യ വിരുന്ന് തന്നെയാണ് ചിത്രം സമ്മാനിക്കുക. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുദീപ് ചാറ്റർജിയാണ്. മിഥുൻ ചക്രവർത്തിയും ജയപ്രദയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നേടി മുന്നേറുകയാണ്. സിനിമയുടെ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്. ആഗോള ബോക്സോഫീസിൽ 1,200 കോടിയിലധികമാണ് കൽക്കി നേടിയിരിക്കുന്നത്. ഇന്ത്യയ്‌ക്കകത്തും പുറത്തുമായി ബോക്സോഫിസിൽ കുതിക്കുകയാണ് ചിത്രം.