ഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. യുവ ഡോക്ടറുടെ മൃഗീയമായ കൊലപാതകത്തെ അപലപിച്ച് ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് എബിവിപി പ്രവർത്തകരാണ് അണിചേർന്നത്.
ഡൽഹിയിലെ ബംഗാ ഭവനിലേക്ക് നടന്ന പ്രതിഷേധത്തിന് ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല, ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ എന്നിവർ നേതൃത്വം നൽകി. ബംഗാൾ സർക്കാരും പൊലീസും അന്വേഷണത്തിൽ അനാസ്ഥ കാണിച്ചുവെന്നും ഇത് അതീവ ഗൗരവമേറിയ വിഷയമാണെന്നും എബിവിപി ആരോപിച്ചു.
ബംഗാളിലെ മമത ബാനർജിയുടെ ഏകാധിപത്യ ഭരണം സാമൂഹ്യവിരുദ്ധർക്കും കുറ്റവാളികൾക്കും തഴച്ചുവളരുന്നതിനുള്ള സുവർണ്ണാവസരമായി മാറിയെന്നും വിദ്യാർത്ഥി പരിഷത്ത് ആരോപിച്ചു. ബംഗാളിൽ വനിതകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രതിദിനം വർദ്ധിക്കുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന നില പൂർണമായും തകർത്തെറിയുന്ന സമീപനമാണ് തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട മുഖ്യമന്ത്രി അരാജകത്വത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതിനാൽ മമത ബാനർജിയുടെ രാജി അനിവാര്യമാണെന്നും എബിവിപി ആവശ്യപ്പെട്ടു. മനുഷ്യ ജീവൻ സംരക്ഷിക്കാൻ അഹോരാത്രം സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ ഉള്ള അക്രമങ്ങൾ അനുവദനീയമല്ലെന്നും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണ് എന്നും ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ പറഞ്ഞു.
സംഭവത്തിൽ ഡോക്ടർമാർ അഖിലേന്ത്യാ തലത്തിൽ അവശ്യ സർവ്വീസുകൾ ഒഴികെയുളളവ ബഹിഷ്‌കരിച്ച് സമരം നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയും രാജ്യവ്യാപക പ്രതിഷേധം നടത്തിയത്. ആർജി കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ പിജി ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിഷയം കൈകാര്യം ചെയ്തതിൽ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച വ്യക്തമായതോടെ കേസ് ഹൈക്കോടതി സിബിഐയെ ഏൽപിക്കുകയായിരുന്നു.