ദുബായ്: മെട്രോ സ്റ്റേഷനുകളിൽ നിന്ന് നോൾ കാർഡുകൾ റീ ചാർജ് ചെയ്യാൻ ഇനി മുതൽ കൂടുതൽ പണം കരുതണം. സ്റ്റേഷനുകളിലെ ഏറ്റവും കുറഞ്ഞ റീ ചാർജ് നിരക്ക് 50 ദിർഹമാക്കി. എന്നാൽ വെന്റിങ് മെഷിൻ, ഓൺലൈൻ തുടങ്ങിയ സംവിധാനങ്ങളിലൂടെ റീ ചാർജ് ചെയ്യുമ്പോൾ ഇത് ബാധകമല്ല.
ദുബായിൽ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന നോൾ കാർഡിലെ ഏറ്റവും കുറഞ്ഞ റീ ചാർജ് നിരക്കിലാണ് വർദ്ധനവുണ്ടായിരിക്കുന്നത്. മെട്രോ സ്റ്റ്റേഷനുകളിലെ സേവന കേന്ദ്രങ്ങളിൽ തിരക്ക് കുറയ്‌ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമർ സർവീസ് സെന്റർ വഴി നോൾ കാർഡ് റീ ചാർജ് ചെയ്യണമെങ്കിൽ ഇനി മുതൽ 50 ദിർഹം നൽകണം.. നേരത്തെ ഇത് 20 ദിർഹമായിരുന്നു.
നോൾ പേ ആപ്പ്, ആർടിഎ വെബ്സൈറ്റ്, ആർടിഎ ദുബായ് ആപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും പെട്രോൾ പമ്പുകൾ, ഗ്രോസറികൾ എന്നിവിടങ്ങളിൽ നിന്ന് റീ ചാർജ് ചെയ്യുമ്പോഴും കുറഞ്ഞ നിരക്ക് ബാധകമല്ല. നിലവിൽ നോൾ കാർഡ് റീ ചാർജ് ചെയ്യാൻ 11 സംവിധാനങ്ങളാണ് ആർടിഎ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി നോൾ കാർഡ് റീചാർജ് ചെയ്യുന്നത് പ്രോൽസാഹിപ്പിക്കുന്ന വീഡിയോ സഹിതമാണ് പുതിയ മാറ്റം ആർടിഎ പ്രഖ്യാപിച്ചിരിക്കുന്നത്.