കോഴിക്കോട്: മേപ്പയ്യൂരിൽ യുഡിവൈഎഫ് – ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടി. രണ്ടു പേർക്ക് പരിക്കേറ്റു. പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
മേപ്പയൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തെരഞ്ഞെടുപ്പ് സിപിഎം ആട്ടിമറിച്ചെന്നു ആരോപിച്ചു യൂത്ത് ലീഗിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്. കെഎസ്‌യു ജില്ലാ സെക്രട്ടറി ആദിൽ മുണ്ടിയത്ത്, യൂത്ത് ലീഗ് പ്രവർത്തകൻ അജ്‌നാസ് കാരയിൽ എന്നിവർക്കാണ് പരിക്കേറ്റത്.
പ്രകടനം നടത്തിയവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുക ആയിരുന്നുവെന്നു യുഡിവൈഎഫ് ആരോപിച്ചു. യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐയും പ്രതികരിച്ചു.
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.