ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നായിഡു കൂടിക്കാഴ്ച നടത്തി. ആരോഗ്യമന്ത്രി ജെപി നദ്ദ ഉൾപ്പെടെയുളളവരുമായും നായിഡു കൂടിക്കാഴ്ച നടത്തി.
ആന്ധ്രയുടെ പുതിയ തലസ്ഥാനത്തിന്റെ വികസനത്തിനായി 15,000 കോടി രൂപ അനുവദിച്ചതുൾപ്പെടെയുള്ള പ്രധാന കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്ക് നായിഡു പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത അദ്ദേഹം സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തിന്റെ ജിഡിപി വർദ്ധിപ്പിക്കാൻ കേന്ദ്ര പിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ആന്ധ്രാപ്രദേശിന്റെ പൊതുകടം 2019-20 സാമ്പത്തിക വർഷത്തിലെ 31.02 ശതമാനത്തിൽ നിന്ന് 2023-24ൽ 33.32 ശതമാനമായി ഉയർന്നിരുന്നു. ടിഡിപി നേതാവും കേന്ദ്രമന്ത്രിയുമായ റാം മോഹൻ നായിഡു കിഞ്ജരാപ്പു, വാർത്താവിനിമയ ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി എന്നിവർക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്.
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആന്ധ്രയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുളള ആശയങ്ങളും വികസന പദ്ധതികൾക്ക് വേഗം പകരുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായതായി എക്‌സിൽ ജെപി നദ്ദ കുറിച്ചു. മോദിയുടെ വികസിത ഭാരതത്തിനൊപ്പം വികസിത ആന്ധ്രയിലേക്കുളള മുന്നേറ്റം മുൻനിർത്തിയുളള ചർച്ചകളായിരുന്നു നടന്നതെന്ന് ജെപി നദ്ദ കൂട്ടിച്ചേർത്തു.
ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവരുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തും.















