കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധ സമരങ്ങൾക്കിടെ 42 ഡോക്ടർമാരെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കി ബംഗാളിലെ ആരോഗ്യവകുപ്പ്. സ്ഥലം മാറ്റ ഉത്തരവിനെതിരെ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്‍പ്പെടെ വിമര്‍ശനം ശക്തമായതോടെയാണ് നീക്കം. നിലവിലെ സാഹചര്യത്തിൽ ഈ ഡോക്ടർമാരുടെ സേവനം തുടരേണ്ടതുണ്ടെന്നും അതിനാൽ ട്രാൻസ്ഫർ ഓർഡറുകൾ റദ്ദാക്കുകയാണെന്നുമാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നാരായൺ സ്വരൂപ് നിഗം അറിയിച്ചു. വിഷയത്തിൽ കൂടുതൽ തീരുമാനങ്ങൾ വരും ദിവസങ്ങളിൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമോഷൻ നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഡോക്ടർമാരെ സ്ഥലം മാറ്റിയതെന്നും, രണ്ട് മാസം നീണ്ടു നിൽക്കുന്ന പ്രക്രിയയാണിതെന്നും നാരായൺ നിഗം പറയുന്നു. ആർജി കാർ മെഡിക്കൽ കോളേജിലെ പ്രതിഷേധങ്ങൾക്ക് മുൻപ് തന്നെ സ്ഥലം മാറ്റത്തിനുള്ള പ്രക്രിയ ആരംഭിച്ചിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. ” ബംഗാളിലെ പ്രമോഷൻ നടപടിക്രമങ്ങൾ വളരെ ദൈർഘ്യമേറിയ പ്രക്രിയയാണ്. രണ്ട് മാസം മുൻപ് തന്നെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഇത് പൂർത്തിയാക്കാനായത്. അതിനാലാണ് ഉത്തരവ് പ്രസിദ്ധീകരിക്കാൻ വൈകിയതെന്നും” നാരായൺ നിഗം അവകാശപ്പെട്ടു.
അതേസമയം ഡോക്ടർമാരെ സ്ഥലം മാറ്റിയതിനെതിരെയും വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. പ്രതിഷേഝത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാരെ ഭയപ്പെടുത്താനുള്ള നീക്കമാണ് മമതയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന വിമർശനം ഉയർന്നിരുന്നു. പിന്നാലെ ബിജെപിയും മമത ബാനർജിക്കും സംസ്ഥാന സർക്കാരിനെതിരെയും വിമർശനവുമായി രംഗത്തെത്തി. സ്വന്തം സംസ്ഥാനത്തെ ഒരു വകുപ്പിൽ നിന്ന് ഉണ്ടാകുന്ന നീക്കങ്ങൾ മമത അറിഞ്ഞില്ലെന്ന വാദം ബാലിശമാണെന്നും, അങ്ങനെയെങ്കിൽ മമത രാജിവച്ച് പോവുകയാണ് വേണ്ടതെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചു.
” ബംഗാളിലെ ആരോഗ്യ വകുപ്പ് ചെയ്തത് എന്താണെന്ന് അവർ നിങ്ങളെ അറിയിച്ചിട്ടില്ലെങ്കിൽ, ആരോഗ്യമന്ത്രി കൂടിയായ മമത ബാനർജി രാജിവച്ച് പോകണം. പ്രതിഷേധത്തിനിടെ ഏറ്റവും മികച്ച സേവനം നൽകുന്ന 40ലധികം ഡോക്ടർമാരെ സ്ഥലം മാറ്റിയത് മമതയുടെ കുടിലതന്ത്രമാണ്. നിയമവിരുദ്ധ മാർഗത്തിലൂടെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നത് അംഗീകരിക്കാനാകില്ല. നീതി ആവശ്യപ്പെടുന്നവരെ ഭയപ്പെടുത്തുന്നത് ജനരോഷം വർദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ എന്നും” അമിത് മാളവ്യ വ്യക്തമാക്കി.















