ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വികസിത് ആന്ധ്ര എന്ന ലക്ഷ്യം കൈവരിക്കണമെന്നും എൻഡിഎ സർക്കാരിന്റെ നേതൃത്വത്തിൽ ആന്ധ്രയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണമെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജെപി നദ്ദ എക്സിൽ കുറിച്ചു.
“ആന്ധ്രാപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ചർച്ച ചെയ്തു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും. ഞങ്ങളുടെ ആശയങ്ങൾ പരസ്പരം കൈമാറി” ജെപി നദ്ദ എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് നടക്കുന്ന വിവിധ വികസന പദ്ധതികൾക്ക് കേന്ദ്രത്തിൽ നിന്ന് ധനസഹായം നൽകണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നായിഡു ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ആന്ധ്രാപ്രദേശിന്റെ സമഗ്ര വികസനത്തെ കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്. നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും നടക്കാനിരിക്കുന്ന പദ്ധതികളെ കുറിച്ചും വിപുലമായ ചർച്ചകൾ നടന്നു.















