പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവായ ജോർജ് ജോസഫിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റായ ശ്രീധരനാണ് നേതൃത്വം താക്കീത് നൽകിയത്. കിഫ്ബി റോഡ് നിർമാണങ്ങളിൽ വീണാ ജോർജിന്റെ ഭർത്താവ് ഇടപെടുകയും ഓടയുടെ ഗതി മാറ്റിച്ചുവെന്നുമാണ് ശ്രീധരൻ ഉന്നയിക്കുന്ന ആരോപണം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് റോഡ് നിർമാണത്തിൽ ഇടപെടുന്നതെന്നും അദ്ദേഹം ഉന്നയിച്ചിരുന്നു.
മന്ത്രി വീണാ ജോർജിന്റെ കെട്ടിടത്തിന്റെ മുന്നിൽ ഓട നിർമിക്കുന്നത് അശാസ്ത്രീയമായാണെന്ന് ശ്രീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏഴംകുളം-കൈപ്പട്ടൂർ റോഡിന്റെ നിർമാണത്തിന്റെ ഭാഗമായി ഓട പണിതപ്പോൾ കൊടുമൺ പൊലീസ് സ്റ്റേഷന് സമീപമുള്ള ജോർജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിൽ വളച്ചാണ് നിർമിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ശ്രീധരൻ നിർമാണം തടയുകയായിരുന്നു.
സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇടപെട്ടതോടെ പ്രശ്‌നം വിവാദമായി. കെട്ടിടത്തിന് മുന്നിൽ ട്രാൻസ്‌ഫോമർ നിൽക്കുന്നതിനാലാണ് ഓട വളച്ച് നിർമിച്ചതെന്നായിരുന്നു ഉദയഭാനുവിന്റെ ന്യായീകരണം. ശ്രീധരനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 40 കോടി രൂപ ചെലവിട്ടാണ് റോഡിന്റെ നിർമാണം നടക്കുന്നത്.















