കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അഗ്നിമിത്ര പോൾ. രാഹുലും പ്രിയങ്കയും ഉൾപ്പെട്ട ഇൻഡി നേതാക്കൾ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം കാപട്യമാണെന്നും ഇവർ വിമർശിച്ചു. പൊലീസിനെ വെല്ലുവിളിച്ച് ഹത്രാസിലും മണിപ്പൂരിലും പോകാൻ സമയമുള്ള ഇക്കൂട്ടർക്ക് മമതയ്‌ക്കെതിരെ ഒരു വിമർശനം ഉന്നയിക്കാൻ പോലും ധൈര്യമില്ലെന്നും അഗ്നിമിത്ര പരിഹസിച്ചു.
” രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം ആവർത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്. ”ലഡ്കി ഹൂ, ലഡ് സക്തി ഹൂ”( പെൺകുട്ടിയാണ്, പോരാടാനും കഴിയും) എന്ന്. അവരോടൊപ്പമുള്ള അഖിലേഷ് യാദവ് ഉൾപ്പെടെ ഇൻഡി സഖ്യത്തിലെ പലരുംഇരട്ടത്താപ്പിന്റെ ആൾക്കാരാണ്. അവർക്ക് കൃത്യമായ നിലപാടുകളില്ല. ഇക്കൂട്ടർക്ക് ഹത്രാസിലേക്ക് പോകാൻ സമയമുണ്ട്. പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് ഇവർ ഉന്നാവോയിലും മണിപ്പൂരിലും പോകും. പക്ഷേ ബംഗാളിലേക്ക് തിരഞ്ഞു നോക്കാൻ പോലും ഇവർക്ക് സമയമില്ല.
രാഹുൽ ഈ വിഷയത്തിൽ ഒരു ട്വീറ്റ് എഴുതി. പക്ഷേ മമത ബാനർജിയുടെ രാജി ആവശ്യപ്പെടാൻ അദ്ദേഹത്തിന് ധൈര്യമില്ല. രാഹുലിന് നിലപാട് ഉണ്ടെങ്കിൽ അതും എഴുതുമായിരുന്നു. കൊൽക്കത്ത സംഭവത്തിൽ മമത ബാനർജിയുടെ ഇടപെടലുകൾ സംശയാസ്പദമാണ്. സിബിഐ മമതയെ ചോദ്യം ചെയ്യണമെന്നും” അഗ്നിമിത്ര പോൾ ആവശ്യപ്പെട്ടു. അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥികളുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിലുള്ള സമരം തുടരുകയാണ്. സമരം കടുത്തതിന് പിന്നാലെ ആർജി മെഡിക്കൽ കോളേജ് പരിസരത്ത് ഏഴ് ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജിന് സമീപത്ത് കൂട്ടംകൂടി നിൽക്കുകയോ പ്രതിഷേധ സമരങ്ങൾ നടത്തുകയോ ചെയ്യരുതെന്നാണ് നിർദേശം.