വയനാട്: ഒറ്റ രാത്രികൊണ്ട് കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ട ദുരിതബാധിതരെ വേട്ടയാടി ബാങ്കുകൾ. വീടും കുടുംബവും നഷ്ടപ്പെട്ട് ദുരിതത്തിലായവർക്ക് സർക്കാർ അടിയന്തരമായി പ്രഖ്യാപിച്ച 10,000 രൂപയിൽ നിന്നും ഇഎംഐ പിടിക്കുകയാണ് ബാങ്കുകൾ. വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടയ്‌ക്കാൻ വഴിയില്ലാതെ നിൽക്കുന്ന ദുരിതബാധിതരെ ചൂഷണം ചെയ്താണ് ബാങ്കുകൾ തുക ഈടാക്കുന്നത്. ഇത്തരത്തിൽ സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നും രണ്ടായിരം രൂപ ഗ്രാമീൺ ബാങ്ക് ഇഎംഐ പിടിച്ചതായി ചൂരൽമല സ്വദേശി സന്ദീപ് പറയുന്നു.
കുത്തിയൊലിച്ചെത്തിയ ഉരുൾപൊട്ടലിൽ വീടിരുന്നിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണെന്ന് സന്ദീപ് പറയുന്നു. ഇതിനിടയിലാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലഭിച്ച അടിയന്തര സഹായത്തിൽ നിന്നും ഇഎംഐ പിടിച്ചത്. വാടക വീടുകൾ അന്വേഷിക്കുന്നുണ്ടെങ്കിലും ഭീമമായ മുൻകൂർ തുകയാണ് ആവശ്യപ്പെടുന്നതെന്നും സന്ദീപ് പറഞ്ഞു. ഇത്തരത്തിൽ കൽപറ്റയിലെ വാടക വീടിന് 50,000 രൂപയാണ് മുൻകൂറായി നൽകാൻ വീട്ടുടമ ആവശ്യപ്പെട്ടത്. പ്രതിമാസം 7,500 രൂപയും വാടക ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. വാടക വീടിലേക്ക് മാറുന്ന ദുരിതബാധിതർക്ക് പ്രതിമാസം 6,000 രൂപ നൽകാനായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്നത്.
എസ്എൽബിസിയും സർക്കാരും നൽകിയ ഉറപ്പുകളും പാഴായി. ദുരിതബാധിതരുടെ വായ്പകൾ തള്ളിക്കളയുമെന്ന് കേരളാ ബാങ്ക് വാഗ്ദാനം നൽകിയിരുന്നു. മറ്റ് ബാങ്കുകളും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് ഗ്രാമീൺ ബാങ്ക് ഇഎംഐ പിടിച്ചത്. വീടുപണിക്കായി 50,000 രൂപയാണ് പുഞ്ചിരിമട്ടം സ്വദേശി മിനിമോൾ വായ്പ എടുത്തത്. സർക്കാർ അടിയന്തരമായി നൽകിയ പണത്തിൽ 5,000 രൂപ ബാക്കി നിൽക്കെയാണ് മിനിമോളുടെ അക്കൗണ്ടിൽ നിന്നും ഇഎംഐ പിടിച്ചത്. 3,000 രൂപ ഇഎംഐ പിടിച്ചതായി അവർ പറയുന്നു.
215ഓളം വാടക വീടുകൾ ദുരിതബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയെങ്കിലും ഭീമമായ അഡ്വാൻസ് തുകയാണ് ഉടമകൾ ആവശ്യപ്പെടുന്നത്. പലരും മൂന്ന് മാസത്തേക്കുള്ള മുൻകൂർ പണമാണ് ആവശ്യപ്പെടുന്നതെന്നും അത് നൽകികൊണ്ട് വാടക വീടെടുക്കാൻ ദുരിതബാധിതർക്ക് സാധിക്കില്ലെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.















