തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ ഒരുങ്ങി കഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത നേതാക്കളോടൊപ്പം സ്ഥലം പരിശോധിച്ചിരുന്നുവെന്നും മുടങ്ങി കിടക്കുന്ന വിദ്യാഭ്യാസം പുനഃരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞു. കുട്ടികൾക്ക് പഠനോപകരണങ്ങളടങ്ങിയ കിറ്റ് നൽകും. ക്യാമ്പുകൾ ഒഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ ക്ലാസുകൾ ആരംഭിക്കും.
വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നതിനായി ഒരു കരട് രേഖ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. മുണ്ടക്കൈ എച്ച്എസ്എസ് സ്കൂളും വെള്ളാർമല എൽപിഎസ് സ്കൂളുമാണ് തകർന്ന് പോയത്. വെള്ളാർമല പൂർണമായും തകർന്ന നിലയിലാണ്.
മേപ്പാടി സ്കൂളിലാണ് പ്രധാനമായും ക്യാമ്പ് നടക്കുന്നത്. ക്യാമ്പുകൾ ഒഴിവാക്കി ദുരിത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിന് വേണ്ടിയുള്ള സ്പെഷ്യൽ ഓഫീസറെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.