പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലിനെ തള്ളി ലോഡ്ജ് ഉടമ. ജെസ്‌ന ലോഡ്ജിൽ എത്തിയിട്ടില്ലെന്ന് ലോഡ്ജ് ഉടമ ബിജു സേവർ വ്യക്തമാക്കി. രജിസ്റ്ററിൽ രേഖപ്പെടുത്താതെ ആർക്കും മുറി കൊടുക്കാറില്ലെന്നും മുൻ ജീവനക്കാരിയുടെ ആരോപണം തന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടിയാണെന്നും ഉടമ പ്രതികരിച്ചു.
കാണാതായ ജെസ്നയെ ഒരു യുവാവിനൊപ്പം കണ്ടുവെന്നായിരുന്നു മുണ്ടക്കയത്ത് സ്ഥിതിചെയ്യുന്ന ലോഡ്ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. ജെസ്നയെ കാണാതാവുന്നതിന് ദിവസങ്ങൾക്കു മുമ്പായിരുന്നു സംഭവം. ജെസ്നയുടെ മുഖവുമായി സാമ്യമുള്ള പെൺകുട്ടിയും മറ്റൊരു യുവാവും ലോഡ്ജിൽ മുറിയെടുത്തിരുന്നു. പരീക്ഷയ്‌ക്കായാണ് എത്തിയതെന്ന് പെൺകുട്ടി പറഞ്ഞു. ശേഷം പത്രവാർത്തകളിൽ ഫോട്ടോ കണ്ടപ്പോഴാണ്, കഴിഞ്ഞ ദിവസം ലോഡ്ജിൽ മുറിയെടുത്ത പെൺകുട്ടി ജെസ്നയായിരുന്നില്ലേയെന്ന സംശയം തോന്നിയത്. ഇക്കാര്യം ലോഡ്ജ് ഉടമയെ അറിയിച്ചിരുന്നുവെങ്കിലും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും ജീവനക്കാരി പറഞ്ഞു. പല്ലിൽ കമ്പിയിട്ട്, വെളുത്ത് മെലിഞ്ഞ ചെറുപ്പം കൊച്ച് ആയതിനാലാണ് പെൺകുട്ടിയെ അന്ന് ശ്രദ്ധിച്ചതെന്നും ജീവനക്കാരി പറയുന്നു.
പ്രസ്തുത ലോഡ്ജിന് സമീപത്തെ തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ജെസ്നയുടെ ദൃശ്യങ്ങൾ അവസാനമായി ലഭിച്ചിരുന്നത്. ജെസ്ന ലോഡ്ജിൽ വന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ജീവനക്കാരിയെ പറഞ്ഞുവിട്ടതാണെന്നും അതിന്റെ വൈരാഗ്യം തീർക്കാനാണ് ആരോപണവുമായി എത്തിയിരിക്കുന്നതെന്നുമാണ് ലോഡ്ജ് ഉടമയുടെ വാദം. ഏകദേശം പത്ത് വർഷത്തോളം ബിജുവിന്റെ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു വെളിപ്പെടുത്തൽ നടത്തിയ സ്ത്രീ. പത്തനംതിട്ടയിൽ നിന്ന് അഞ്ച് വർഷം മുൻപ് കാണാതായ കോളേജ് വിദ്യാർത്ഥിനിയാണ് ജെസ്ന. സിബിഐ അന്വേഷിച്ചിട്ടും ജെസ്നയുടെ തിരോധാനത്തിന്റെ ചുരുളഴിഞ്ഞിരുന്നില്ല.