ലോകത്ത് നിരവധി തവളകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വിഷമുള്ളതും വിഷമില്ലാത്തതും ഭക്ഷിക്കാൻ കഴിയുന്നതും കഴിയാത്തതും ചെറുതും വലുതുമെല്ലാം ഉണ്ട്. സാധാരണ നാം കാണുന്ന തവളകൾക്ക് മൂന്നോ നാലോ സെന്റീമീറ്ററോ അതിന് താഴെയോ ആയിരിക്കും നീളം. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ തവള ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ! ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന തവളകളിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തവള ‘ഗോലിയാത്ത്’ തവളയാണ്. ലോകത്ത് കാമറൂണിനും ഇക്വിറ്റോറിയൽ ഗയാനയ്‌ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ മാത്രമേ ഇവയെ കാണാറുള്ളൂ.
13 ഇഞ്ച് നീളവും 3 കിലോഗ്രാം ഭാരവും ഗോലിയാത്ത് തവളകൾക്കുണ്ട്. 15 വർഷം വരെ ഇവയ്‌ക്ക് ആയുസ് ഉണ്ടാവും. സാധാരണയായി നമ്മൾ വീട്ടിൽ വളർത്തുന്ന പൂച്ചയേക്കാൾ വലുതാണ് ഈ തവള. ഗോലിയാത്ത് തവളകളുടെ മുട്ടകൾക്കും വാൽമാക്രികൾക്കും മറ്റു തവളകളുടേതു പോലെ സമാനമായ വലിപ്പമാണ് ഉള്ളത്. പ്രായം കൂടുന്തോറും ഇവയ്‌ക്ക് വലിപ്പം വയ്‌ക്കുകയാണ് ചെയ്യുന്നത്.
ഗോലിയാത്ത് തവളകൾക്ക് മറ്റു തവളകളിൽനിന്നു വിഭിന്നമായ രീതിയിലുള്ള ഭക്ഷണശീലങ്ങളാണ്. അതുകൊണ്ടാവണം അവയുടെ ആവാസമേഖല ചില പ്രത്യേക മേഖലയിൽ മാത്രം ഒതുങ്ങിപ്പോയത്. ഞണ്ടുകളെയും ചില ചെറു പ്രാണികളെയും ആണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്. ഇന്ന് ഗോലിയാത്ത് തവളകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഭക്ഷണത്തിനായും അല്ലാതെയും ഇവ ധാരാളം വേട്ടയാടപ്പെടുന്നു.















