വടകര: കാഫിർ സ്ക്രീൻ ഷോട്ടിനെ ചൊല്ലി ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് വാതുവെപ്പ് പോര്. കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഇനാം നൽകുമെന്ന പ്രഖ്യാപനവുമായി ആദ്യം ഡിഫവൈഎഫ്ഐ രംഗത്തെത്തി. കാൽകോടി രൂപയാണ് ഇനാമായി ഡിവൈഎഫ്ഐ നൽകുന്നത്. വടകര ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇനാം പ്രഖ്യാപനം. ആവശ്യമുള്ളവർക്ക് റിബേഷിന്റെ ഫോണും പരിശോധിക്കാമെന്നും ഡിവൈഎഫ്ഐ പറയുന്നു.
ഡിവൈെഫ്ഐയുടെ പരസ്യമായ വെല്ലുവിളിക്ക് അതേനാണയത്തിൽ തന്നെ മറുപടി നൽകി യൂത്ത് കോൺഗ്രസും രംഗം കൊഴുപ്പിച്ചു. ആരാണ് യഥാർത്ഥ കുറ്റവാളികളെന്ന് റിബേഷ് തെളിയിക്കുകയാണെങ്കിൽ 25 ലക്ഷം ഇനാം തങ്ങൾ നൽകാമെന്ന് യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചു. വടകരയിലെ യൂത്ത് കോൺഗ്രസ് നേതൃത്വമാണ് ഫേസ്ബുക്കിലൂടെ ഇനാം പ്രഖ്യാപനം നടത്തിയത്.
‘കാഫിർ’ സ്ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പൂർണ്ണ പിന്തുണയാണ് റിബേഷിന് പാർട്ടിയിൽ നിന്ന് ലഭിക്കുന്നത്. തെളിയിക്കപ്പെട്ടാലും റിബേഷ് ഈ കേസിൽ നിരപരാധിയായിരിക്കുമെന്നാണ് ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ഷൈജു പറഞ്ഞു. റിബേഷിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് വടകരയിൽ ഇന്ന് ഡിവൈെഫ്ഐ വിശദീകരണയോഗം സംഘടിപ്പിച്ചിട്ടുണ്ട്.
വടകര ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു കാലത്ത് പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച് കേരളാ പൊലീസ് ആണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സ്ക്രീൻ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്.