ധർമ്മശാല: ടിബറ്റൻ തദ്ദേശീയ ജനവിഭാഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ചൈന. രാജ്യത്തിന് പുറത്തേക്കും അകത്തേക്കുമുള്ള ടിബറ്റൻ ജനതയുടെ യാത്രാ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ചൈനീസ് പട്ടാളം അതിർത്തികളിലും റോഡുകളിലും ബാരിക്കേഡുകളും ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചു. ടിബറ്റിന്റെ അതിർത്തി പ്രദേശത്തേക്ക് സഞ്ചരിക്കാനും ഉദ്യോഗസ്ഥ അനുമതി കർശനമാക്കി. പാസ്പോർട്ട് അനുവദിക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സ്വന്തം രാജ്യത്തിനുള്ളിൽ പോലും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ടിബറ്റുകാർ. സഞ്ചാര സ്വാതന്ത്ര്യം മാത്രമല്ല സ്വന്തം മതവിശ്വാസം പിന്തുടരാനോ മാതൃഭാഷയിൽ സംസാരിക്കാനോ സാംസ്കാരിക മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാനോ ടിബറ്റുകാർക്ക് അനുവാദമില്ല. ചൈനീസ് അധിനിവേശത്തിനെതിരെ 2008 ൽ ടിബറ്റിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇത് ലോക ശ്രദ്ധ ആകർഷിക്കുകയും ചൈനയുടെ നടപടികൾക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ വിമർശങ്ങൾ ഉയരാൻ ഇടയാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ചൈന നിയന്ത്രണങ്ങൾ കടിപ്പിച്ചു തുടങ്ങിയത്.
സ്വന്തം സ്വത്വബോധം ബോധം വീണ്ടെടുക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കുടിയേറി താമസിക്കുന്നവരാണ് ടിബറ്റിലെ ബുദ്ധമത വിശ്വാസം പിന്തുടരുന്ന തദ്ദേശീയർ. എന്നാൽ ധർമ്മശാലയിലെ ടിബറ്റൻ റിസപ്ഷൻ സെന്ററുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. ലോവർ ടിബറ്റൻ ചിൽഡ്രൻസ് വില്ലേജ് സ്കൂളിലും വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ കണക്കുകൾ പ്രകാരം 2023 ൽ 15 ടിബറ്റ് പൗരന്മാരാണ് ഇന്ത്യയിലേക്ക് വന്നിട്ടുള്ളത്. എന്നാൽ 1990 കളിലും 2000 ത്തിന്റെ തുടക്കത്തിലും വാർഷിക വരവ് രണ്ടായിരത്തിലധിമായിരുന്നു.















