കിഴക്കമ്പലം: പാരിസ് ഒളിമ്പിക്‌സിലും വെങ്കല മെഡൽ നേടി രാജ്യത്തിന് അഭിമാനമായ ഹോക്കി താരം പി.ആർ ശ്രീജേഷിന്റെ പേരിൽ സംസ്ഥാന സർക്കാർ നിർമിക്കുമെന്ന് ഉറപ്പു നൽകിയ സ്റ്റേഡിയം പത്ത് വർഷമായിട്ടും എങ്ങുമെത്താതെ അവശേഷിക്കുന്നു. 2014 ൽ ഏഷ്യൻ ഗെയിംസ് വിജയിച്ച ശേഷം ശ്രീജേഷ് നാട്ടിലെത്തിയപ്പോഴാണ് സ്‌റ്റേഡിയം നിർമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. ശ്രീജേഷിന്റെ പേരിൽ സ്റ്റേഡിയം നിർമിക്കുമെന്ന് ആയിരുന്നു വാഗ്ദാനം. എന്നാൽ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ ഇവിടുത്തെ കായിക രംഗത്തെ കേരള മോഡലിന്റെ യഥാർത്ഥ ചിത്രം വിളിച്ചു പറയുന്നതാണ്.
പത്ത് വർഷം പിന്നിടുമ്പോഴും ചുറ്റുമുളള ഏതാനും ഇരുമ്പ് തൂണുകൾ മാത്രമാണ് സ്‌റ്റേഡിയത്തിൽ ഉയർന്നത്. മുൻപ് വോളിബോൾ ഗ്രൗണ്ടായിരുന്ന സ്ഥലം കാട് പിടിച്ച് ആർക്കും പരിശീലനം നടത്താനാകാത്ത സ്ഥിതിയാകുകയും ചെയ്തു. ഒളിമ്പിക്‌സ് ഹോക്കിയിൽ തുടർച്ചയായ രണ്ടാം മെഡൽ നേടി നാട്ടിൽ തിരിച്ചെത്തിയ ശ്രീജേഷിന് കഴിഞ്ഞ ദിവസം ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഡിയത്തെക്കുറിച്ചുളള വാർത്തകൾ വീണ്ടും സജീവമായത്.
നാട്ടുകാർക്ക് സ്റ്റേഡിയം വളരെ അത്യാവശ്യമാണെന്ന് ശ്രീജേഷ് പറയുന്നു. ഞാൻ നാട്ടിൽ പരിശീലനം നടത്തുമ്പോൾ റോഡിൽ കൂടിയാണ് ഓടുന്നത്. പക്ഷെ ചെറിയ കുട്ടികൾക്ക് ഓടാൻ പോലും പറ്റുന്നില്ല . എന്റെ പേരിൽ വേണമെന്നൊന്നും ഇല്ല, പക്ഷെ കുട്ടികൾക്ക് കളിക്കാൻ ഒരു സ്റ്റേഡിയം വേണം. പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം സ്റ്റേഡിയം നിർമാണത്തിന് കൈമാറിയിരുന്നു. ഇതിന് ശേഷമാണ് കാര്യമായ നടപടികൾ ഉണ്ടാകാതിരുന്നത്.

2014 ൽ ഏഷ്യൻ ഗെയിംസ് വിജയിച്ച ശേഷം മന്ത്രി പറഞ്ഞതാണ് സ്ഥലം കൊടുത്താൽ സ്റ്റേഡിയം തരാമെന്ന്. അങ്ങനെയാണ് പഞ്ചായത്ത് സ്ഥലം കൊടുത്തത്. അത് ഒരു വോളിബോൾ ഗ്രൗണ്ട് ആയിരുന്നു. മൾട്ടി പർപ്പസ് ഗ്രൗണ്ട് ആയി ഇൻഡോർ സ്‌റ്റേഡിയം പോലെ ഒരുക്കുമെന്ന് കരുതിയാണ് ചെയ്തത്. പക്ഷെ അതിന് ശേഷം അവിടെ മുടങ്ങി. ഇപ്പോൾ അവിടെ കളിക്കാനും പറ്റുന്നില്ല. കാടും പുല്ലും പിടിച്ച് കിടക്കുകയാണ്.
എന്നാൽ സംഭവം വിവാദമായതോടെ പഞ്ചായത്തുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കായിക മന്ത്രി വി അബ്ദുറഹ്‌മാൻ പ്രതികരിച്ചിരുന്നു. ഇങ്ങനെ കിടക്കുന്ന സ്റ്റേഡിയം തന്റെ പേരിന് കളങ്കമാണെന്ന് നേരെത്തെ ശ്രീജേഷ് പറഞ്ഞിരുന്നു. പാരിസ് ഒളിമ്പിക്‌സോടെ ശ്രീജേഷ് ദേശീയ ടീമിൽ നിന്ന് വിരമിച്ചിരുന്നു.















