റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ചംപൈ സോറൻ എക്സിൽ വൈകാരികമായ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. പുതിയ അദ്ധ്യായം തുറക്കുന്നുവെന്നാണ് പോസ്റ്റിലെ വരികളിൽ പറയുന്നത്. ഝാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ജെഎംഎമ്മിനും ഇൻഡി മുന്നണിക്കും കനത്ത തിരിച്ചടിയാണ് ചംപൈ സോറന്റെ നീക്കം.
जोहार साथियों,
आज समाचार देखने के बाद, आप सभी के मन में कई सवाल उमड़ रहे होंगे। आखिर ऐसा क्या हुआ, जिसने कोल्हान के एक छोटे से गांव में रहने वाले एक गरीब किसान के बेटे को इस मोड़ पर लाकर खड़ा कर दिया।
अपने सार्वजनिक जीवन की शुरुआत में औद्योगिक घरानों के खिलाफ मजदूरों की आवाज…
— Champai Soren (@ChampaiSoren) August 18, 2024
തനിക്ക് മുന്നിൽ മൂന്ന് വഴികളാണുള്ളത്. ഒന്നുകിൽ സജീവ രാഷ്‌ട്രീയം നിർത്തുക, അല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുക, അതുമല്ലെങ്കിൽ തനിക്ക് യോജിക്കാൻ കഴിയുന്നവരുമായി സഖ്യം ചേരുക. എല്ലാ സാധ്യതകളും തനിക്ക് മുന്നിൽ തുറന്നുകിടക്കുന്നുണ്ടെന്നും ചംപൈ സോറൻ പറഞ്ഞു. ഝാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വോട്ടെടുപ്പിന് മുൻപ് തന്നെ മൂന്ന് വഴികളിൽ ഒന്ന് തിരഞ്ഞെടുക്കുമെന്ന സൂചനയും ചംപൈ സോറൻ നൽകി.
മുഖ്യമന്ത്രി എന്ന പദത്തിലിരിക്കുമ്പോൾ നേരിട്ട കടുത്ത അപമാനത്തെക്കുറിച്ചും ചംപൈ സോറൻ കുറിപ്പിൽ പരാമർശിച്ചു. ഒരു മുഖ്യമന്ത്രിയുടെ പരിപാടികൾ മറ്റൊരാൾ റദ്ദാക്കുന്നതിനേക്കാൾ അപമാനകരമായ മറ്റെന്തെങ്കിലും ഇനി ജനാധിപത്യത്തിൽ ഉണ്ടാകുമോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഴിമതിക്കുരുക്കിൽ അകപ്പെട്ട് ഹേമന്ത് സോറൻ അറസ്റ്റിലാവുകയും കഴിഞ്ഞ ജനുവരി 31ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ചംപൈ സോറൻ (67) ഝാർഖണ്ഡിൽ അധികാരത്തിലെത്തിയത്. കുംഭകോണ കേസിൽ ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജൂലൈ മൂന്നിന് ചംപൈ സോറൻ ചുമതലയൊഴിഞ്ഞു. ഈ ഘട്ടത്തിലായിരുന്നു വേദനാജനകമായ അനുഭവം സ്വന്തം പാർട്ടിയിൽ നിന്നും ചംപൈ സോറന് നേരിടേണ്ടി വന്നത്.
അധികാരത്തിനായി മോഹിക്കാത്ത ആളാണ് താൻ. അതുകൊണ്ടാണ് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ട നിമിഷം തന്നെ ഉടൻ രാജിവച്ചത്. പക്ഷേ അത് തന്റെ ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ ചംപൈ സോറൻ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന പരിപാടികൾ പാർട്ടിയിലുള്ള മറ്റുള്ളവർ റദ്ദാക്കുകയും ചുമതല ഒഴിയാൻ ആവശ്യപ്പടുകയുമായിരുന്നു. പരിപാടികൾ നടക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കുമ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ അനുവാദം തേടുകയോ അഭിപ്രായം ആരായുകയോ ചെയ്യാതെ പാർട്ടിക്കാർ തീരുമാനിക്കുകയായിരുന്നു. തന്റെ ഹൃദയം തകർത്ത അനുഭവമായിരുന്നു അതെന്ന് ചംപൈ സോറൻ എക്സിൽ കുറിച്ചു.