കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ 3D ലേസർ മാപ്പിംഗ് നടത്തി സിബിഐ. കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘമാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ വാർഡുകളിൽ 3D ലേസർ മാപ്പിംഗും സംഭവ സ്ഥലത്ത് പരിശോധനയും നടത്തിയത്.
കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ കൃത്യവും വിശദവുമായ പുനരാവിഷ്കാരം സൃഷ്ടിക്കാനാണ് 3D ലേസർ മാപ്പിംഗ് ഉപയോഗിക്കുന്നത്. കേസിലെ നിർണായക തെളിവുകൾ കണ്ടെത്തുന്നത് ലക്ഷ്യമിട്ടാണ് സിബിഐ ഈ നൂതന സാങ്കേതിക വിദ്യയുടെ സഹായം തേടിയിരിക്കുന്നത്.
കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി സഞ്ജയ് റോയിയുടെ മാനസിക നില പരിശോധനയും സിബിഐ ഇന്ന് നടത്തിയിരുന്നു. ഇതിനായി അന്വേഷണ സംഘത്തെ സഹായിക്കാൻ സിബിഐയിലെ മനഃശാസ്ത്ര വിദഗ്ധൻ കൊൽക്കത്തയിൽ എത്തിയിരുന്നു. അതേസമയം സംഭവത്തിൽ സുപ്രീകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് 20 ന് കേസ് പരിഗണിക്കും.
വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ഇന്നും ഡോക്ടർമാരുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നു. ഡ്യൂറന്റ് കപ്പ് മത്സരങ്ങൾ നടക്കുന്ന കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഫുട്ബോൾ ആരാധകർ പ്രതിഷേധവുമായെത്തി. ഇതിനെത്തുടർന്ന് ഇന്ന് നടക്കാനിരുന്ന മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ മത്സരം റദ്ദാക്കി.















