പട്ന: രാജ്യത്തെ മദ്രസകളിൽ പാകിസ്താനിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പഠിപ്പിക്കുന്നതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. സർക്കാർ ധനസഹായത്തോടെ ബിഹാറിൽ പ്രവർത്തിക്കുന്ന മദ്രസകളിലാണ് തീവ്രചിന്തയുള്ള മതപുസ്തകങ്ങൾ മദ്രസകളിൽ പഠിപ്പിക്കുന്നത്. പാഠ്യപദ്ധതിയിൽ ഇത്തരം പുസ്തകങ്ങൾ ഉൾക്കൊള്ളിക്കുന്നതിൽ ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയാങ്ക് കനൂൻഗോ ആശങ്ക പ്രകടിപ്പിച്ചു.
മദ്രസകളിൽ പഠിപ്പിക്കുന്ന ‘താലിമുൽ ഇസ്‌ലാം’ തുടങ്ങിയ പുസ്തകങ്ങളിൽ ഇസ്‌ലാമികരല്ലാത്ത വ്യക്തികളെ “കാഫിറുകൾ” (അവിശ്വാസികൾ) എന്ന് മുദ്രകുത്തുന്നു. ഈ മദ്രസകളിൽ ഹിന്ദുക്കളായ വിദ്യാർത്ഥികളെ ചേർക്കുന്നത് സംബന്ധിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അത്തരം വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ബിഹാർ സർക്കാർ മറച്ചുവെക്കുകയാണെന്ന് പ്രിയാങ്ക് ആരോപിച്ചു.
യൂണിസെഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് പാഠ്യപദ്ധതി തയ്യാറാക്കിയതെന്നാണ് ബിഹാർ മദ്രസ ബോർഡ് പറയുന്നത്. എന്നാൽ കുട്ടികളുടെ സംരക്ഷണത്തിന്റെ പേരിൽ സർക്കാരുകളിൽ നിന്ന് സംഭാവനയായും ഗ്രാൻ്റായും ലഭിക്കുന്ന പണം ഉപയോഗിച്ച് തീവ്ര മതചിന്ത പ്രചരിപ്പിക്കുന്ന പാഠ്യപദ്ധതി സൃഷ്ടിക്കുന്നത് യൂണിസെഫിന്റെ ജോലിയല്ലെന്ന് പ്രിയാങ്ക് കനൂൻഗോ പറഞ്ഞു. “മദ്രസ ഒരു തരത്തിലും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സ്ഥലമല്ല, കുട്ടികൾ സ്‌കൂളിൽ പഠിക്കണം, ഹിന്ദു കുട്ടികൾ മദ്രസകളിൽ ഉണ്ടാകരുത്, മദ്രസ ബോർഡ് പിരിച്ചുവിടണം,” കനൂൻഗോ പറഞ്ഞു.















