തൃശൂർ: ദേശമംഗലത്ത് കൊച്ചു മകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടി സ്വദേശി വാളേരിപ്പടി അയ്യപ്പനാണ് മരിച്ചത്. മാനസിക രോഗത്തിന് ചികിത്സ തേടുന്ന കൊച്ചുമകൻ രാഹുൽ അയ്യപ്പനെ കറി കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. ഇന്ന് രാവിലെ 9.30 ന് മറ്റാരും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ദീർഘനാളായി സ്വകാര്യ അശുപത്രിയിൽ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്ന രാഹുൽ ഇന്ന് രാവിലെയാണ് വീട്ടിലേക്ക് തിരികെ എത്തിയത്.
ചെറുതുരുത്തി പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ കൊലപാതകം നടന്ന സ്ഥലത്ത് പരിശോധന നടത്തി. കസ്റ്റഡിയിലുള്ള പതി രാഹുലിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ചെറുതുരുത്തി പൊലീസ് അറിയിച്ചു.















