മുംബൈ: അവശ്യ സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ വിപണികളിൽ നിത്യോപയോഗ സാധങ്ങളുടെ വ്യാജന്മാരും എത്തിയിട്ടുണ്ട്. അത്തരത്തിൽ സിമന്റ് കൊണ്ട് നിർമ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
മഹാരാഷ്‌ട്രയിലെ അംകോലയിലെ മാർക്കറ്റുകളിലാണ് വില വർദ്ധിച്ചതോടെ കച്ചവടക്കാർ ആളുകൾക്ക് വ്യാജ വെളുത്തുള്ളി വിറ്റത്. അകോലയിലെ ബജോറിയ നഗറിൽ താമസിക്കുന്ന റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷ് പാട്ടീലിന്റെ ഭാര്യയെ കൃത്രിമ വെളുത്തുള്ളി നൽകി വഴിയോരക്കച്ചവടക്കാരൻ പറ്റിച്ചതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇവർ വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് 250 ഗ്രാം വെളുത്തുള്ളി വാങ്ങിയിരുന്നു. വെളുത്തുള്ളി തൊലി കളയാൻ ശ്രമിച്ചപ്പോളാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്.
വെളുത്തുള്ളി സൂഷ്മമായി പരിശോധിച്ചപ്പോൾ ഇത് വെള്ള നിറത്തിലുള്ള സിമന്റുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഒറ്റ നോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ. സിമന്റുപയോഗിച്ച് നിർമ്മിച്ചവയും യഥാർത്ഥ വെളുത്തുള്ളിയും തമ്മിൽ കലർത്തിയാണ് പല കച്ചവടക്കാരും ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞയാഴ്ച മധ്യപ്രദേശ് ഹൈക്കോടതി വെളുത്തുള്ളിയെ പച്ചക്കറിയായി പ്രഖ്യാപിച്ചു. പച്ചക്കറികളിലും സുഗന്ധവ്യഞ്ജന വിപണികളിലും വിൽക്കാൻ അനുമതി നൽകി. വെളുത്തുള്ളി പച്ചക്കറിയാണോ സുഗന്ധവ്യഞ്ജനമാണോ എന്നതിനെച്ചൊല്ലി വർഷങ്ങളോളം നീണ്ട തർക്കം നിലനിന്നിരുന്നു.















