അഹമ്മദാബാദ് ; ഇസ്ലാമിസ്റ്റുകളുടെ പീഡനത്തിൽ നിന്ന് രക്ഷപെട്ട് ഇന്ത്യയിലെത്തിയ 188 പാകിസ്ഥാൻ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം . അഹമ്മദാബാദിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇവർ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്.
ഈ സന്ദർഭം തനിക്ക് വളരെ വൈകാരിക നിമിഷമാണെന്ന് വിശേഷിപ്പിച്ച അമിത് ഷാ, സിഎഎ നിയമത്തിന്റെ നേട്ടങ്ങൾ ലഭിക്കുന്നത് അനീതിയ്‌ക്കും , അതിക്രമത്തിനും ഇരയാകുന്നവരാണെന്നും വ്യക്തമാക്കി . നീതിയും അവകാശവും നൽകുന്ന നിയമമെന്നാണ് സിഎഎയെ അദ്ദേഹം വിശേഷിപ്പിച്ചത്. കോൺഗ്രസ് ഭരണകാലത്ത് പാക്കിസ്ഥാനിൽ പീഡിപ്പിക്കപ്പെട്ട ഹിന്ദുക്കളും സിഖുകാരും ജൈനരും ബുദ്ധമതക്കാരും ഇന്ത്യയിൽ വന്നപ്പോഴെല്ലാം ഇവിടെയും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെത്തിയ അഭയാർഥികൾക്ക് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും നേരിട്ട അതിക്രമങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും , അവരുടെ കുടുംബങ്ങളെപ്പോലും വേരോടെ പിഴുതെറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് നേരിടേണ്ടി വന്നത് പോലെ വേദനാജനകമായ മറ്റൊരു സംഭവം ലോകത്ത് ഇല്ലെന്നും അമിത് ഷാ പറഞ്ഞു.















