തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായി എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവ്വമായ ദുരന്തമാണ് വയനാട്ടിലേത്. ഒരു കുടുംബത്തിലെ എല്ലാവരും മരണപ്പെട്ട സാഹചര്യം വരെ ഉണ്ടായി. ഇത്തരം ദുരവസ്ഥയിൽ നിൽക്കുന്നവരിൽ നിന്നും ഇഎംഐക്കും മറ്റുമായി പണം പിടിക്കുന്നത് ഉചിതമല്ലെന്നും പിണറായി വിജയൻ പറഞ്ഞു. എസ്എൽബിസി ബാങ്കേഴ്‌സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തെപ്പറ്റി പഠിച്ചവർ റിപ്പോർട്ട് നൽകിയിരുന്നു. തുടർവാസയോഗ്യമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൃഷി, വീട്, വാഹനം എന്നിവക്ക് വായ്പ എടുത്തവർ അനേകമാണ്. വിവിധ കോണുകൾ കേരളത്തോടൊപ്പം നിന്നു. എസ്എൽബിസിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വായ്പ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട്. എസ്എൽബിസിയുടെയുടെ ഭാഗത്ത് നിന്ന് മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമേഖലയിലെ വായ്പ എഴുതിത്തള്ളണം. വായ്പാ തുക സർക്കാർ നൽകണമെന്ന പതിവ് നടപടിയും എസ്എൽബിസി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുള്ളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും ബാങ്കേഴ്‌സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.