തിരുവനന്തപുരം: ഓരോ നിമിഷം പിന്നിടുമ്പോഴും മലയാള സിനിമ മേഖലയിലെ പുഴിക്കുത്തുകളും അപ്രീയ സത്യങ്ങളുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്. ചില കോക്കസുകളിലാണ് മലയാള സിനിമയുടെ ചരട് ഇരിക്കുന്നതെന്നാണ് പ്രധാന ആരോപണം. പുരുഷ താരങ്ങൾ ലൈംഗികായവ ചിത്രങ്ങൾ നടിമാർക്ക് അയച്ചു നൽകുമെന്നും ചില സാക്ഷികൾ മൊഴി നൽകിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ചിത്രങ്ങൾ നടിമാർ കമ്മിറ്റി അംഗങ്ങൾക്ക് കാണിച്ചു നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മലയാള സിനിമയിലെ പ്രമുഖൻ നയിക്കുന്ന ഒരു പവർ ഗ്രൂപ്പുണ്ട്. ഇതിലെ 15 അംഗങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിക്രമ പരാതികൾ ഉന്നയിക്കുന്നവർക്കെതിരെ ഇവർ അപ്രഖ്യാപിത വിലക്ക് അടക്കമുള്ളവ സ്വീകരിക്കും. ഒരു കോക്കസായി പ്രവർത്തിക്കുന്ന ഇവരാണ് പരാതി പറയുന്നവരുടെ സിനിമയിലെ വിധി തീരുമാനിക്കുന്നത്.
വലിയ ആരാധക വൃന്ദമുള്ള നടനാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. സജീവമായി മേഖലയിലുള്ള പല താരങ്ങളും ഈ കോക്കസിന്റെ ഭാഗമാണ്. പരാതി പറഞ്ഞ സ്ത്രീകളെ പിന്തുണച്ച നടനെ സിനിമ മേഖലയിൽ നിന്ന് ഒഴിവാക്കി. സീരിയലിൽ അവസരം തേടി പോയെങ്കിലും അവിടെയും വിലക്കു വന്നു. ആത്മ സംഘടനയാണ് നടനെ സീരിയലുകളിൽ നിന്നും ഒഴിവാക്കിയത്.