എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ക്രിമിനൽ കുറ്റകൃത്യങ്ങളാണെന്ന് നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ്. ഇക്കാര്യത്തിൽ എന്തെങ്കിലും പറയുമ്പോൾ വളരെ സൂക്ഷിച്ച് മാത്രമേ സംസാരിക്കാനാവൂവെന്നും റിപ്പോർട്ടിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. റിപ്പോർട്ടിനെ കുറിച്ച് മദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു മറുപടി.
ആരൊക്കെയാണ് പരാതി നൽകിയിരിക്കുന്നത്, ആർക്കെതിരെയാണ് പരാതി? എവിടെ വച്ചാണ് സംഭവമുണ്ടായത്. ഏത് രീതിയിലാണ് വിവേചനമുണ്ടായത് എന്നതിനെ കുറിച്ച് വിശദമായി തന്നെ പഠിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളാണ്. അതിനെയൊന്നും ആരും ന്യായീകരിക്കുന്നില്ല. നമ്മുടെ തെറ്റുകൾ ചൂണ്ടികാണിക്കുകയാണെങ്കിൽ അത് തിരുത്താനുള്ള ശ്രമം തുറന്ന മനസോടെ ഉണ്ടായിരിക്കും.
രണ്ട്, മൂന്ന് ദിവസമായി അമ്മ ഷോ നടക്കുന്നതിന്റെ തിരക്കിലാണ് ഞങ്ങൾ. ഇപ്പോൾ അതിനാണ് പ്രാധാന്യം നൽകുന്നത്. എല്ലാ വിശദമായി പഠിച്ച് പരിശോധിച്ച ശേഷം കൃത്യമായ തീരുമാനം എടുക്കും. മറ്റ് സംഘടനകളുമായും എല്ലാവരുമായും ആലോചിച്ച ശേഷം ഒരു തീരുമാനമെടുക്കും.
സിനിമ മേഖല നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് എന്ത് തീരുമാനമുണ്ടായാലും ഞങ്ങളുടെ പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പറഞ്ഞു.