ന്യൂഡൽഹി: എംപോക്സ് അഥവാ മങ്കിപോക്സ് (Mpox) വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം. പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള എല്ലാ എയർപോർട്ടുകളിലും ലാൻഡ് പോർട്ടുകളിലും ജാഗ്രത കൈക്കൊള്ളണം. അന്താരാഷ്‌ട്ര യാത്രക്കാരിൽ Mpox ലക്ഷണങ്ങളുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നാണ് നിർദേശം.
അടിയന്തര സാഹചര്യമുണ്ടായാൽ രോഗികളെയും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും ശുശ്രൂഷിക്കാൻ ഡൽഹിയിലെ മൂന്ന് ആശുപത്രികളെ നോഡൽ സെന്ററുകളാക്കി. രാം മനോഹർ ലോഹിയ ആശുപത്രി, സഫ്ദർജുംഗ്, ലേഡി ഹർദിംഗെ തുടങ്ങിയ ആശുപത്രികളെയാണ് നോഡൽ സെന്ററുകളായി പ്രഖ്യാപിച്ചത്. ഇവിടെ Mpox രോഗികളെ ഐസോലേറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യാം.
എല്ലാ സംസ്ഥാന സർക്കാരുകളും അതത് സംസ്ഥാനങ്ങളിൽ എംപോക്സ് രോഗികൾക്ക് വേണ്ടി ഏതെങ്കിലുമൊരു ആശുപത്രിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടാകണമെന്നും നിർദേശമുണ്ട്. ഇന്ത്യയിൽ ഇതുവരെ Mpox സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയൽരാജ്യമായ പാകിസ്താനിലടക്കം രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നീക്കം. ആഫ്രിക്കയിൽ രോഗം വൻതോതിൽ വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.