മലയാളികൾക്കെന്നും ത്രില്ലർ ചിത്രങ്ങൾ സമ്മാനിക്കുന്ന സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ നുണക്കുഴി വമ്പൻ ഹിറ്റ്. ബേസിൽ ജോസഫിനെയും ഗ്രേസ് ആന്റണിയെയും പ്രധാന കഥാപാത്രങ്ങളായി നിർമിച്ച ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ഇന്നലെ മാത്രം 1.4 കോടിയാണ് നുണക്കുഴി നേടിയത്.
വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗോളതലത്തിൽ 6.75 കോടിയും ഇന്ത്യയിൽ മാത്രം 4.95 കോടിയുമാണ് ചിത്രം നേടിയത്. മുഴുനീള ഫാമിലി എന്റർടൈൻമെന്റ് ചിത്രം പ്രേക്ഷകരുടെ മനം കവരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബേസിലിന്റെ അഭിനയത്തെ കുറിച്ചും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. ബേസിലിന്റെ കഥാപാത്ര ആവിഷ്കാരവും വ്യത്യസ്തത നിറഞ്ഞ പെരുമാറ്റവും സിനിമാസ്വാദകരെ പിടിച്ചിരുത്തുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം.
കെ ആർ കൃഷ്ണകുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രസകരമായ ഒട്ടേറെ സീനുകൾ ചിത്രത്തിലുണ്ട്. ബേസിലിനൊപ്പം മലയാളത്തിന്റെ പ്രിയ താരം ഗ്രേസ് ആന്റണി കൂടിയെത്തിയപ്പോൾ സിനിമ കളറായി. സിദ്ദിഖ്, അജു വർഗീസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, അൽത്താഫ് എന്നിവരും പ്രധാന കഥാപത്രങ്ങൾ ചെയ്യുന്നുണ്ട്. ഓർത്തോർത്ത് ചിരിക്കാനുള്ള രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് പ്രേക്ഷകർ പറയുന്നു.