ന്യൂഡൽഹി: ദ്വിരാഷ്‌ട്ര സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 21-ന് പോളണ്ടിലും 23-ന് യുക്രെയ്നിലും സന്ദർശനം നടത്തും. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി തൻമയ ലാലാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഡൊണാൾഡ് ടസ്‌കുമായി ഉഭയകക്ഷി ചർച്ചകൾ നടക്കും. ഇന്ത്യ- പോളണ്ട് നയതന്ത്രം ബന്ധം തുടങ്ങിയതിന്റെ 70-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള സന്ദർശനം കൂടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി തൻമയ ലാൽ അറിയിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. റഷ്യ- യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം കൂടിയാണിത്. റഷ്യ- യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനും ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനും ഈ സന്ദർശനം സഹായിക്കും.
സംഘർഷങ്ങൾ പരിഹരിക്കാൻ ചർച്ചകളിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് സെക്രട്ടറി തൻമയ ലാൽ പറഞ്ഞു. റഷ്യയിലെയും യുക്രെയ്നിലെയും നേതാക്കളുമായി പ്രധാനമന്ത്രി മുമ്പും ചർച്ചകൾ നടത്തിയിട്ടുണ്ട്. ഒരു അന്തിമ പരിഹാരം കണ്ടെത്തുന്നതിനായി എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















