ഗാന്ധിനഗർ: റെയിൽവേ ട്രാക്കിൽ അലഞ്ഞു നടന്ന രണ്ട് സിംഹങ്ങളുടെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റുമാർ. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ വിവേക് ശർമയ്‌ക്കും അസിസ്റ്റന്റ് ലോക്കോ പൈലറ്റായ രാഹുൽ സോളങ്കിക്കും അഭിനന്ദന പ്രവാഹമാണ്.
പിപാവാവ്-റജുല സെക്ഷനിൽ പുലർച്ചെ 5.30-ഓടെയാണ് സംഭവം. വന്യമൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനായി വനം വകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. രണ്ട് സിംഹങ്ങൾ ട്രാക്കിന് സമീപം അലഞ്ഞു തിരിയുന്നതായി ലോക്കോ പൈലറ്റുമാർക്ക് ട്രാക്കർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പൈലറ്റുമാർ എമർജൻസി ബ്രേക്ക് അമർത്തി.
സിംഹങ്ങൾ ട്രാക്കിൽ നിന്ന് മാറിയപ്പോൾ ട്രാക്കർമാരായ ഭരത്ഭായിയും ഭോലാഭായിയും ഗ്രീൻ സിഗ്നൽ കാണിച്ചു. പിന്നാലെയാണ് ട്രെയിൻ പുറപ്പെട്ടത്. സിംഹങ്ങളുടെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റുമാരെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
ഭാവ്നഗർ റെയിൽവേ ഡിവിഷനിലെ ലോക്കോ പൈലറ്റുമാർ ഏപ്രിൽ മുതൽ ഇതുവരെ 44 സിംഹങ്ങളെ രക്ഷിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സിംഹങ്ങളെ രക്ഷിക്കാനായി വനം വകുപ്പ് ട്രാക്കിൽ വേലികൾ സ്ഥാപിക്കുകയും ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.