പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന ടൺകണക്കിന് കേടായ അരവണകളുടെ കാര്യത്തിൽ ഒടുവിൽ പരിഹാരം കണ്ടെത്തി. ആറര ലക്ഷത്തിലധികം ടിൻ കേടായ അരവണയാണ് ഉപയോഗശൂന്യമായതിനെ തുടർന്ന് സന്നിധാനത്ത് സൂക്ഷിച്ചിരുന്നത്. അരവണ വളമാക്കി മാറ്റാനായി ഏറ്റുമാനൂരിൽ നിന്നുള്ള കമ്പനി കരാർ എടുത്തതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നത്. അടുത്തമാസത്തോടെ കേടായ അരവണ ടിന്നുകൾ പൂർണമായും നീക്കം ചെയ്യുമെന്ന് ദേവസ്വംബോർഡ് പറഞ്ഞു.
അരവണ നിർമ്മിക്കാൻ ഉപയോഗിച്ച ഏലക്കയിൽ കീടനാശിനിയുണ്ടെന്ന പരാതിയിൽ കോടതിയിൽ കേസ് നൽകിയതിനെത്തുടർന്ന് ഹൈക്കോടതി അരവണയുടെ വില്പന നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ ഹർജിക്കാരന് ഏലക്കയിൽ കീടനാശിനിയുണ്ടെന്ന് കോടതിയിൽ തെളിയിക്കാനായില്ല. കേസ് കോടതി തള്ളുകയും ചെയ്തു. എന്നാൽ ഈ കാലയളവുകൊണ്ട് ആറരക്കോടിയിലധികം രൂപയുടെ അരവണ കേടുവന്ന് നശിച്ചിരുന്നു.
പരിസ്ഥിതി സൗഹൃദമായ മാർഗങ്ങളിലൂടെ വേണം അരവണ നശിപ്പിക്കാനെന്ന ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. ഇതാണ് കേടായ അരവണ ടിന്നുകൾ ഒന്നരവർഷത്തോളം സന്നിധാനത്ത് സൂക്ഷിക്കാൻ കാരണമായത്. 6,65,127 ടിൻ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. നിലവിൽ ഒന്നേകാൽ കോടിക്കാണ് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.















