നാഗ്പൂർ: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ആഗസ്ത് 31, സപ്തംബർ ഒന്ന്, രണ്ട് തീയതികളിൽ പാലക്കാട്ട് ചേരും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർകാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാൽ, സി.ആർ. മുകുന്ദ്, അരുൺ കുമാർ, അലോക് കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ തുടങ്ങിയ പ്രമുഖ കാര്യകർത്താക്കൾ പങ്കെടുക്കും.
ആർഎസ്എസിന്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും പ്രധാന ഭാരവാഹികൾ വർഷത്തിൽ ഒരു പ്രാവശ്യം ഒത്തുചേരുന്ന വേദിയാണ് സമന്വയ ബൈഠക്. മൂന്ന് ദിവസമായിട്ടാണ് ബൈഠക് നടക്കുന്നത്. കഴിഞ്ഞ വർഷം പൂനെയിലാണ് സമന്വയ ബൈഠക് നടന്നത്. എല്ലാ സംഘടനകളും അതാത് പ്രവർത്തന മേഖലകളിലെ വിവരങ്ങൾ ബൈഠക്കിൽ പങ്കുവയ്‌ക്കുമെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു.
രാഷ്‌ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദു പരിഷത്ത്, എബിവിപി, ബിജെപി, ഭാരതീയ കിസാൻ സംഘ്, ബിഎംഎസ് അടക്കം 32 വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ അധ്യക്ഷൻ, സംഘടനാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിക്കുന്നവരാണ് ബൈഠക്കിൽ പങ്കെടുക്കുക.















