നമ്മൾ അനുഭവിക്കാത്തിടത്തോളം എല്ലാ കാര്യങ്ങളും നമുക്ക് കെട്ടുകഥകളായിരിക്കുമെന്ന് ഹരീഷ് പേരടി. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ 51-ഓളം സ്ത്രീകളുടെ മൊഴിയാണിത്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇതിനെ 101 ശതമാനം വിശ്വാസത്തിലെടുക്കണം.
സംഘടന എന്ന നിലയ്‌ക്കെടുക്കുന്ന തീരുമാനങ്ങൾ കൃത്യമായിരിക്കണം. സമൂഹത്തിനോട് ഉത്തരവാദിത്തമുള്ളവരാണ് സംഘടനകൾ. അല്ലാതെ പഠിക്കട്ടെ, വിലയിരുത്തട്ടെ എന്നൊക്കെ പറയുന്നത് വഷളത്തരമാണെന്നും അദ്ദേഹം പറഞ്ഞു. നട്ടെല്ല് നിവർത്തി കാര്യങ്ങൾ പറയാൻ കഴിയണം. സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടലുണ്ടാകണം. എന്നാൽ മാത്രമേ ഇടതുപക്ഷ സർക്കാരാകൂ. അല്ലാതെ ബാനറിലും ബോർഡിലും മാത്രം എഴുതി വച്ചാൽ പോരാ.
സാധാരണക്കാരിൽ നിന്ന് വരെ കഞ്ചാവ് പിടികൂടുന്നുണ്ട്. എന്തുകൊണ്ട് സിനിമ സെറ്റുകളിലേക്ക് അന്വേഷണമെത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ കൈയിലല്ലേ നിയമവും പൊലീസുമൊക്കെ. എന്തുകൊണ്ട് ഇടപെടുന്നില്ല. റിപ്പോർട്ടിൽ പറഞ്ഞത് തിലകൻ ചേട്ടൻ വളരെ കാലം മുൻപേ പറഞ്ഞിട്ടുണ്ട്. അന്നൊക്കെ അയാളെ ഒറ്റപ്പെടുത്തുന്ന നിലപാടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നട്ടെല്ലുള്ള കുറച്ച് പെൺകുട്ടികൾ സിനിമ മേഖല ഇത്രയേറെ ജീർണാവസ്ഥയിലൂടെയാണ് പോകുന്നതെന്ന് ഉറക്കെ പറഞ്ഞിരുന്നു. ഡബ്ല്യുസിസിയിലെ സഹോദരിമാർ ഉന്നയിച്ച വിഷയത്തിന്റെ പേരിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും ഉണ്ടാകുന്നത്. സർക്കാർ സ്വീകരിക്കുന്ന നടപടികൾ എന്താകുമെന്നാണ് കാത്തിരിക്കുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു.















