ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിലുള്ള 45 തസ്തികകളിലേക്ക് സ്വകാര്യ മേഖലയിൽ നിന്ന് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനായി നൽകിയ പരസ്യം പിൻവലിക്കാൻ യു.പി.എസ്.സിക്ക് നിർദ്ദേശം. പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. യുപിഎസ്‌സി ചെയർപേഴ്‌സൺ പ്രീതി സുദനെ കത്തിലൂടെ ഇക്കാര്യം അറിയിച്ചു.
സാമൂഹ്യനീതി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നതിനെ തുടർന്ന് പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതെ തുടർന്നാണ് തീരുമാനം പുനഃപരിശോധിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് ലാറ്ററൽ എൻട്രിയുടെ പരസ്യം റദ്ദാക്കാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം പ്രതിപക്ഷ വിമർശനത്തിൽ കഴമ്പില്ലെന്ന് അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ഭരണഘടന ശിൽപി അംബേദ്കർ വിഭാവനം ചെയ്ത സംവരണ തത്വങ്ങൾ മുറുകെ പിടിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓരോ നടപടികളുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹനീതിയോടുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രധാനമന്ത്രി ആവർത്തിച്ചിരിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
സാമൂഹ്യനീതിയിൽ വിശ്വസിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബിആർ അംബേദ്കറുടെ ഭരണഘടന തത്വങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സാമൂഹിക നീതിയോടുള്ള പ്രതിബദ്ധത തുടർച്ചയായി അദ്ദേഹം പ്രകടിപ്പിക്കുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് (എൻസിബിസി) ഭരണഘടന പദവി നൽകിയത് ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















