എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും ഒത്തുച്ചേർന്ന് ഒരു നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ മേഖലയിൽ മാത്രമല്ല, ബാങ്കിംഗ് മേഖലയിലും മറ്റ് എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്കെതിരെ ഇത്തരം അക്രമങ്ങൾ നടക്കുന്നുണ്ട്. ഇതൊക്കെ കണ്ടെത്തി പരിഹാരം ഉറപ്പാക്കണം. എല്ലാം പരിശോധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
എല്ലാത്തിനും തിരുത്തൽ നടപടികളുണ്ടാകും. അതിനാണ് ഭരണ സംവിധാനങ്ങളുള്ളത്. ഒരു കോടിയും പത്ത് കോടിയും വാങ്ങുന്നവന്റെയല്ല, സിനിമാ മേഖല. 2,000 രൂപ ദിവസക്കൂലി വാങ്ങി മടങ്ങുന്ന കുറച്ച് ആളുകളുടെയും ഇടമാണിത്. ഇവിടെ ഒരു ചെറിയ കാര്യത്തെ പെരുപ്പിച്ച് കാണിച്ചാലും ആ മേഖലയുടെ മുഴുവൻ നിലനിൽപ്പിനെയാണ് ബാധിക്കുന്നത്.
ഒരു ആകർഷണമാണ് സിനിമാ മേഖല. അതിനെ നശിപ്പിച്ച് കളയാൻ പാടില്ല. സിനിമക്കകത്ത് ഉണ്ടായതിനെ ന്യായീകരിക്കുന്നില്ല. അടുത്ത 10 വർഷം കഴിയുമ്പോൾ ഇതിന്റെ വേറൊരു ഭാഗമായിരിക്കും പുറത്തുവരിക. അന്നും തിരുത്തേണ്ട ഉത്തരവാദിത്തം നമ്മുക്കുണ്ട്. എല്ലാ സംഘടനയും ഒത്തുചേർന്ന് അതിനുള്ള പോംവഴി കണ്ടെത്തും. സംസ്ഥാന സർക്കാർ ചർച്ചകൾക്ക് വിളിച്ചാൽ സഹകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.