ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലായി ഒഴിവുള്ള 12 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ മൂന്നിനാണ് വോട്ടെടുപ്പ്.
രാജസ്ഥാനിൽ നിന്ന് കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടുവാണ് മത്സരിക്കുന്നത്. രണ്ട് മാസം മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുതിർന്ന നേതാവ് കിരൺ ചൗധരി ഹരിയാനയിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡ റോത്തക്കിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഹരിയാനയിലെ ഏക രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഒഡിഷ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങുന്നത് മംമ്ത മൊഹന്തെയാണ്. ത്രിപുരയിൽ നിന്ന് രാജീവ് ഭട്ടചാര്യയും മഹാരാഷ്‌ട്രയിൽ നിന്ന് ധൈര്യശിൽ പാട്ടീലും മത്സരിക്കും. ബിഹാറിൽ നിന്ന് മുതിർന്ന അഭിഭാഷകനായ മനൻ കുമാർ, അസമിൽ നിന്ന് രാമേശ്വർ തേലി എന്നിവർ രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കും.















