തിരുവനന്തപുരം: ഓൺലൈൻ വഴി വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ സെയ്ഫുൾ റഹ്‌മാൻ, അഖിൽ ബാബു, ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. ഓൺലൈൻ വഴി വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാഗ്ദാനം നൽകിയാണ് യുവാക്കൾ പണം തട്ടിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വീട്ടമ്മയുമായി, യുവാക്കൾ സൗഹൃദം സ്ഥാപിക്കുകയും ഓൺലൈൻ വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയുമായിരുന്നു. ഇതനുസരിച്ച് യുവാക്കൾക്ക് ആദ്യം 1000 രൂപ വീട്ടമ്മ നൽകി. പിറ്റേദിവസം ഇവർക്ക് 1,300 രൂപയായി ഇത് തിരിച്ചു കിട്ടി. പിന്നീട് 3,000 രൂപ ഇട്ടപ്പോഴും 3,300 രൂപയായി തിരിച്ചു കിട്ടി. ഇടപാട് സത്യമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു മൂവരും പണം തട്ടിയത്.
ഇടുന്ന പണത്തെക്കാൾ അധിക വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ വീട്ടമ്മ 80,000 രൂപ നൽകി. എന്നാൽ പിറ്റേദിവസം ഈ പണം ഇവർക്ക് തിരിച്ചു കിട്ടാതെ വരിയായിരുന്നു. തുടർന്ന് യുവാക്കളെ വിവരം അറിയിച്ചപ്പോൾ അക്കൗണ്ട് ബ്ലോക്ക് ആയതിനാൽ പണം അയക്കാൻ സാധിക്കില്ലെന്നും ഒരു ലക്ഷം രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പലിശ പൈസ ഉൾപ്പെടെ തിരിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം.
ഇതിന്റെ അടിസ്ഥാനത്തിൽ 5 ലക്ഷം രൂപയോളം വീട്ടമ്മ അയച്ചു നൽകി. എന്നാൽ പിന്നീട് യുവാക്കളുടെ വിവരം ഇല്ലാതായതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. സംഭവത്തിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് പൊലീസ് പറഞ്ഞു.















