ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ലക്കി ഭാസകറിന്റെ റിലീസ് തീയതി നീട്ടി. സെപ്റ്റംബർ ഏഴിന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഡബ്ബിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീരാത്തതിനാൽ നിശ്ചയിച്ച തീയതിയിൽ ചിത്രം എത്തില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ഒക്ടോബർ 31-ന് ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്. ഡബ്ബിംഗിന് കുറച്ചുകൂടി സമയം വേണ്ടി വരുമെന്ന് നിർമാതാക്കൾ അറിയിച്ചു. ദുൽഖറിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച സിനിമയാണ് ലക്കി ഭാസകർ എന്നാണ് പുറത്തുവരുന്ന വിവരം. വെങ്കി അട്ലൂരി രചനയും സംവിധാനവും നിർവ്വഹിച്ച പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമാണിത്.
1980, 90 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രമാണ് ലക്കി ഭാസ്കർ. പഴയ കാലം പ്രേക്ഷകരുടെ മനസിലേക്ക് കൊണ്ടുവരുന്ന ചിത്രത്തിന്റെ ഒരു പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. വിന്റേജ് ലുക്കിൽ പഴയ ചാരുകസേരയിലിരിക്കുന്ന ദുൽഖറിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.
80-90 കാലത്തുള്ള മുംബൈ നഗരത്തെ മനോഹരമായി ആവിഷ്കരിക്കുന്ന വമ്പൻ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമിച്ചത്. പിരീഡ് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്.