ന്യൂഡൽഹി: ഭാരതത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്ത് ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ പുതിയ സന്തോഷ വാർത്ത പങ്കുവച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ നാലിന്റെയും അഞ്ചിന്റെയും ഡിസൈൻ പൂർത്തിയായയെന്ന് എസ് സോമനാഥ് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ചന്ദ്രയാൻ 3 വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു. ഇനി ചന്ദ്രയാൻ നാലിനും അഞ്ചിനുമായാണ് പ്രവർത്തിക്കുന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. ഭാരതീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ വിക്ഷേപണം 2028ൽ തന്നെ നടക്കും. ചന്ദ്രയാൻ നാലിന്റെയും അഞ്ചിന്റെയും ഡിസൈൻ പൂർത്തിയായിട്ടുണ്ട്.”- എസ് സോമനാഥ് പറഞ്ഞു.
വിക്ഷേപണത്തിന്റെ ചെലവ് കുറയ്‌ക്കുന്നതിനായി കൂടുതൽ കരുത്തേറിയ റോക്കറ്റുകൾ നിർമിക്കുകയാണ്. പൊതുസ്വകാര്യ പങ്കാളിത്തതോടെയായിരിക്കും ദൗത്യം നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5 മൊഡ്യൂളുകളുള്ള ഭാരതീയ ബഹിരാകാശ നിലയത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. വരും വർഷങ്ങളിൽ ഇതിന്റെ നിർമാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.