ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോളണ്ട്-യുക്രെയ്ൻ ഔദ്യോഗിക സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദർശനം. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലേക്ക് യാത്ര തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാർഷികം കൂടിയാണ് ഈ വർഷം.
രണ്ട് ദിവസങ്ങളിലായി നടത്തുന്ന പോളണ്ട് സന്ദർശനത്തിൽ പ്രധാനമന്ത്രി ഡോണൾഡ് ടസ്‌കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പോളണ്ടിന്റെ പ്രസിഡന്റ് ആൻദ്രെജ് ദുഡെയുമായും, രാജ്യത്തെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്യതലസ്ഥാനമായ വാർസോയിൽ പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. വാർസോയിൽ വിവിധ പരിസ്ഥിതി ശാസ്ത്രജ്ഞരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും.
പോളണ്ടിൽ നിന്ന് റെയിൽ ഫോഴ്‌സ് വൺ എന്ന ട്രെയിനിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും. 10 മണിക്കൂർ നീളുന്നതാണ് ഈ യാത്ര. 2022ൽ റഷ്യ യുക്രെയ്‌ന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ എത്തുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇവിടെ എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ച് 30 വർഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്.
അടിസ്ഥാന മേഖലയിലെ വികസനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങീ ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്ന എല്ലാ മേഖലകളിലും ചർച്ച നടത്തുമെന്നുമാണ് വിവരം. റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനം. കഴിഞ്ഞ മാസമാണ് അദ്ദേഹം റഷ്യ സന്ദർശിച്ചത്. ഈ വർഷം ജൂണിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകളിലൂടെയും നയതന്ത്രതലത്തിലും സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു.















