കശ്മീർ: ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന നേതാക്കളുടെ പേരുകൾ പുറത്ത് വിട്ട് ബിജെപി. മുൻ ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി എന്നിവര്‍ക്ക് സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നല്‍കി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ നിയമിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2014ലാണ് ജമ്മു കശ്മീരിൽ അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതിന് ശേഷം 2015 മുതൽ 2018 വരെ ബിജെപി-പിഡിപി സഖ്യസർക്കാരിനെ ഒരുമിച്ച് കൊണ്ടുപോകുന്നതിൽ രാം മാധവ് നിർണായക പങ്ക് വഹിച്ചിരുന്നു. 2014 മുതൽ 2020 വരെയുള്ള കാലയളവിലാണ് റാം മാധവ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചത്. ജമ്മു കശ്മീർ, അസം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ രാഷ്‌ട്രീയകാര്യ ചുമതല നിർവഹിച്ചിട്ടുണ്ട്. 2020 സെപ്തംബർ 26ലെ പുന:സംഘടനയിലാണ് രാം മാധവ് സ്ഥാനത്ത് നിന്ന് മാറിയത്. നിലവിൽ മൂന്നാം മോദി സർക്കാരിൽ കൽക്കരി, ഖനി വകുപ്പുകളുടെ മന്ത്രിയാണ്.
മൂന്ന് ഘട്ടങ്ങളിലായാണ് ഇക്കുറി ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 18, 25, ഒക്ടോബർ 1 എന്നീ തിയതികളിലായാണ് വോട്ടെടുപ്പ്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ശ്രീനഗർ, ഹന്ദ്വാര, ഗന്ദർബാൽ, ബുഡ്ഗാം, കുപ്വാര, ബാരാമുള്ളബന്ദിപോര, അനന്ത്‌നാഗ്, ഷോപിയാന്‍, പുല്‍വാമ, അവന്തിപോര,കുൽഗാം എന്നിവിടങ്ങളിലായി കൂടുതൽ സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.















