ന്യൂഡൽഹി: കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ പരാമർശം റദ്ദാക്കി സുപ്രീം കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി.
പരാമർശം തെറ്റായ സൂചന നൽകുമെന്ന് നീരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ നടപടി. എങ്ങനെ വിധിന്യായങ്ങൾ എഴുതണമെന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങളുണ്ടെന്നും കോടതി ഓർമിപ്പിച്ചു.
പെൺകുട്ടികൾ രണ്ട് മിനിറ്റ് സന്തോഷത്തിനായി വഴങ്ങുന്നതിന് പകരം അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ പരാമർശം. പോക്സോ കേസിൽ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കി ജസ്റ്റിസുമാരായ ചിത്ത രഞ്ജൻ ദാഷ്, പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിചിത്രമായ പരാമർശം നടത്തിയത്. ഹൈക്കോടതിയുടെ പരാമർശം ആക്ഷേപകരമാണെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.