കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പൊതുമധ്യത്തിൽ ഇരയെ വിചാരണ ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും കോടതി വ്യക്തമാക്കി. 2018-ൽ നിപുണ സക്സേന കേസിലാണ് ഇരയുടെ പേരുവിവരങ്ങളോ ചിത്രങ്ങളോ വിദൂര രീതിയിൽ പോലും അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തരുതെന്ന് ഉത്തരവിട്ടത്.
മൃതദേഹം കണ്ടെടുത്തതിന് ശേഷം മരിച്ചയാളുടെ വിവരങ്ങളും മൃതദേഹത്തിന്റെ ഫോട്ടോകളും സമൂഹിക, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി പ്രസിദ്ധീകരിച്ചതിനാലാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി അറിയിച്ചു. ഇതെ തുടർന്ന് പ്രസിദ്ധീകരിച്ചവ നീക്കം ചെയ്യാൻ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.
അഭിഭാഷകൻ കിന്നോരി ഘോഷും സംഘവുമാണ് ഇരയുടെ വിവരങ്ങൾ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ഇരയുടെ പേരും അനുബന്ധ ഹാഷ്ടാഗുകളും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതായി ഹർജിയിൽ പറയുന്നു. നേരത്തെ ഇരയുടെ വിവരങ്ങൾ പ്രചരിക്കുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.















