തിരുവനന്തപുരം: വളരെ വേദനയോടും ആശങ്കയോടുമാണ് കേരളം ഹേമ കമ്മറ്റി റിപ്പോർട്ടിനെ കേട്ടതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇതിന് കാരണക്കാരായവർ സിനിമക്കാർ മാത്രമല്ല രാഷ്‌ട്രീയക്കാർ കൂടിയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.
മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച് വർഷക്കാലം റിപ്പോർട്ട് പൂഴ്‌ത്തിവച്ചു. വിവരാവകാശത്തിന് മറുപടി കൊടുക്കേണ്ട എന്നാണ് സാംസ്‌കാരിക മന്ത്രിയോട് പറഞ്ഞത്. ഇപ്പോൾ റിപ്പോർട്ട് പുറത്ത് വരാൻ കാരണം വിവരാവകാശ കമ്മീഷണറുടെ ധൈര്യം കൊണ്ട് മാത്രമാണെന്നും ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു.
തൊഴിലിടങ്ങളിൽ പീഡനം നടത്തിയാൽ അതിനുള്ള ശിക്ഷയെ കുറിച്ച് അറിയാത്തവരല്ല സിനിമക്കാർ. ആരുടെയൊക്കെ പേരാണ് മറച്ച് പിടിച്ചിരിക്കുന്നത് എന്നറിയണം. ചില ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. സാംസ്‌കാരിക മന്ത്രി പേരുകൾ വെളിപ്പെടുത്താൻ മടിക്കുന്നത് എന്തിനാണെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
സിനിമ മേഖലയിലെ അധോലോക സംഘത്തിന് ഒപ്പം മുഖ്യമന്ത്രി അടക്കമുള്ളവർ നിൽക്കുന്നു. വിവരാവകാശം നൽകരുതെന്ന് മന്ത്രി സജിചെറിയാന് നിർദേശം ലഭിച്ചിരുന്നു. റിപ്പോർട്ടിന്റെ പൂർണ ഭാഗം വായിക്കാത്ത ആളല്ല മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും. നീക്കം ചെയ്ത ഭാഗങ്ങളിൽ എല്ലാ ആളുകളുടെയും കൃത്യമായ പേരുകൾ പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കേസെടുക്കണം. വിഷയത്തിൽ നടപടി യെടുക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകിയിരുന്നു. സുരേഷ് ഗോപിയുമായി ചർച്ച നടത്താൻ തയ്യാറാണോ എന്ന് സജി ചെറിയാൻ വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.