ജയ്പൂർ: അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ വാഷിംഗ് മെഷീനിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സ്വാമി വിവേകാനന്ദനഗർ സ്വദേശിയായ ശംഭുദയാലിന്റെ വീട്ടിലെ വാഷിംഗ് മെഷീനിലാണ് കരിമൂർഖനെ കണ്ടെത്തിയത്. തുണി കഴുകാനായി മെഷീൻ തുറന്നപ്പോഴാണ് അപ്രതീക്ഷിതമായി വന്നുകയറിയ പതിയിരുന്ന ‘അതിഥി’യെ ശംഭുദയാൽ കാണാനിടയായത്.

ആദ്യം പരിഭ്രാന്തിയിലായെങ്കിലും യുവാവ് പിന്നീട് മനോധൈര്യം വീണ്ടെടുത്ത് പ്രദേശവാസിയായ പാമ്പുപിടുത്തക്കാരനെ വിവരമറിയിച്ചു. ഗോവിന്ദ് ശർമയെന്ന അനിമൽ റെസ്ക്യൂവർ വീട്ടിലെത്തുകയും പാമ്പിനെ രക്ഷപ്പെടുത്തി ലാഡ്പൂര വനമേഖലയിൽ തുറന്നുവിടുകയും ചെയ്തു.
മഴക്കാലത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലേക്ക് പാമ്പുകൾ എത്തുന്നത് പതിവാണെന്ന് ഗോവിന്ദ് ശർമ പറയുന്നു. മാളങ്ങളിൽ വെള്ളം കയറുകയും ഇരപിടിക്കാനുള്ള സാഹചര്യങ്ങൾ കുറയുകയും ചെയ്യുന്നതോടെയാണിത്. അതുകൊണ്ട് തന്നെ അടുത്തിടെയായി കോട്ടയിലെ വീടുകൾ, കടകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പാമ്പുകളെ കാണുന്നത് സർവസാധാരണമായ സംഭവമായി മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.















