ന്യൂഡൽഹി ; മലേഷ്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം . സാക്കിർ നായിക്കുമായി ബന്ധപ്പെട്ട് തെളിവുകൾ സമർപ്പിച്ചാൽ തന്റെ രാജ്യം ഏത് നീക്കത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദർശനത്തിനിടെയാണു മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഈ പ്രസ്താവന .
സാക്കിർ നായിക്കുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചിട്ടില്ലെന്നും എന്നാൽ മോദി പണ്ട് ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അൻവർ ഇബ്രാഹിം പറഞ്ഞു.
‘ “ഇത് പ്രധാനമന്ത്രി ഇന്ന് ഉന്നയിച്ചതല്ല. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു . ഞാൻ സംസാരിക്കുന്നത് ഒരാളെക്കുറിച്ചല്ല, തീവ്രവാദത്തെ പറ്റി പൊതുവായാണ് . ഒരു വ്യക്തിയോ ഗ്രൂപ്പുകളോ പാർട്ടികളോ ചെയ്യുന്ന അതിക്രമങ്ങൾ നമ്മെ ആശങ്കപ്പെടുത്തുന്നു. തെളിവുകൾ സമർപ്പിച്ചാൽ ഞങ്ങൾ ഏത് നീക്കത്തിനും തയ്യാറാണ്. ഞങ്ങൾ തീവ്രവാദത്തെ അംഗീകരിക്കില്ല, ”അൻവർ ഇബ്രാഹിം പറഞ്ഞു.തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ മലേഷ്യ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധാക്കയിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് സാക്കിർ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചത് . ഭീകരാക്രമണം നടത്തിയവർക്ക് പ്രചോദനമായത് സാക്കിർ നായിക്കിന്റെ പ്രചാരണങ്ങളാണെന്ന് ബംഗ്ളാദേശ് അന്വേഷണ ഏജൻസി കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യ അന്വേഷണം ആരംഭിച്ചത് . തുടർന്ന് നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവിയ്‌ക്കും ഇസ്ളാമിക് റിസർച്ച് ഫൗണ്ടേഷനുമെതിരെ കേന്ദ്രം നടപടിയെടുത്തിരുന്നു.
2016 ലാണ് സാക്കിര്‍ നായിക്ക് ഇന്ത്യയില്‍നിന്ന് മലേഷ്യയിലേക്ക് പോയത്. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷപ്രസംഗം തുടങ്ങിയ കുറ്റങ്ങളാണ് സക്കീര്‍ നായിക്കിന്റെ പേരിലുള്ളത്.















