രാമേശ്വരം : പുതുക്കിപ്പണിയുന്ന പാമ്പൻ പാലം പ്രവർത്തന സജ്ജമാകുന്നതിലേക്ക് ഒരു പടി കൂടി കടന്നിരിക്കുന്നു. പുതിയ പാമ്പൻ പാലത്തിൽ ആദ്യമായി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. 11 കോച്ചുകളുള്ള ചരക്ക് തീവണ്ടി ഓടിച്ചാണ് പാലത്തിൽ പരീക്ഷണ ഓട്ടം നടത്തിയത്.
രാമേശ്വരം പാമ്പൻ കടലിൽ 545 കോടി രൂപ ചെലവിലാണ് പുതിയ റെയിൽപ്പാലം നിർമിക്കുന്നത്. ഈ പാലത്തിന്റെ അവസാനഘട്ടമായ മധ്യഭാഗത്തുള്ള തൂക്കുപാലം നിർമ്മിക്കുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പരീക്ഷണ ഓട്ടത്തിനിടെ 20 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലാണ് ട്രെയിൻ ഓടിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ നടത്തുമെന്ന് ദക്ഷിണ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു.കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പാമ്പൻ വെർട്ടിക്കൽ തൂക്കുപാലത്തിലൂടെ ട്രെയിൻ എൻജിൻ ഓടിച്ച് റെയിൽവേ വകുപ്പ് പരിശോധന നടത്തിയിരുന്നു.ഒരാഴ്ചയോളം ഈ പരീക്ഷണ ഓട്ടം തുടരുമെന്നാണ് സൂചന.
ചരക്ക് തീവണ്ടി എൻജിൻ വെർട്ടിക്കൽ സസ്പെൻഷൻ പാലത്തിലൂടെ കടന്നാണ് പരീക്ഷണ ഓട്ടം നടത്തിയത്. ട്രെയിൻ പരിശോധന നടത്തിയപ്പോൾ പാമ്പൻ റെയിൽവേ സ്റ്റേഷനും പുതിയ റെയിൽവേ പാലത്തിനും ഇടയിലുള്ള ട്രാക്ക് ഭാഗത്ത് പൊതുജനങ്ങളെ സഞ്ചരിക്കാൻ അനുവദിച്ചിരുന്നില്ല. രാമേശ്വരം പാമ്പൻ പാലത്തിൽ പുതിയ റയിൽവേ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ട്രയൽ റൺ ആരംഭിച്ചതോടെ ഒക്ടോബർ ഒന്ന് മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാമേശ്വരം പാമ്പൻ പ്രദേശത്തെയും രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും ബന്ധിപ്പിക്കുന്ന ഈ റെയിൽവേ പാലം 1914-ൽ ആണ് തുറന്നത്. കപ്പലുകൾ വരുമ്പോൾ തുറക്കാനും അടയ്‌ക്കാനുമാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാമേശ്വരം ദ്വീപിലെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു ഈ റെയിൽവേ. നീലിമയാർന്ന കടലിന്റെ പശ്ചാത്തലത്തിൽ ഈ പാമ്പൻ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ സൗന്ദര്യം കാണാൻ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആളുകൾ രാമേശ്വരത്ത് എത്തിയിരുന്നു.
അതിനിടെ നൂറ്റാണ്ട് പഴക്കമുള്ള പാലത്തിൽ ചില അറ്റകുറ്റപ്പണികൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് 5 വർഷം മുമ്പ് പാമ്പൻ പാലത്തിന് നടുവിൽ ഒരു കപ്പൽ കൂട്ടിയിടിച്ചത്. ഇതുമൂലം മാസങ്ങളോളം ട്രെയിൻ ഗതാഗതം നിലച്ചു. ഈ പഴയ പാലത്തിന് പകരം പുതിയ പാലം നിർമിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിന് ശേഷം കഴിഞ്ഞ 2019ലാണ് ഈ പ്രവൃത്തികൾ ആരംഭിച്ചത്. അതിനിടയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെത്തുടർന്ന് പണികൾ തടസ്സപ്പെട്ടു.
ഇതിനിടെ പഴയ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിലച്ചു. വൻകരയിലെ “മണ്ഡപം” വരെ മാത്രമാണ് ട്രെയിൻ സർവീസ് നടത്തി വന്നത്. ഇതുമൂലം രാമേശ്വരത്തേക്കുള്ള വിനോദസഞ്ചാരികൾ ബുദ്ധിമുട്ടിലായി. ലംബമായി തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പാലമാണ് പാമ്പൻ പാലം.















