റായ്പൂർ: പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും നാളുകൾ ശേഷിക്കെയാണ് ഝാർഖണ്ഡ് മുക്തി മോർച്ചയുമായി (JMM) തെറ്റിപ്പിരിഞ്ഞ ചംപൈ സോറന്റെ നീക്കം. ഇൻഡി സഖ്യത്തിന് കനത്ത തിരിച്ചടി നൽകി കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു പാർട്ടിയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ചംപൈ സോറൻ മനസുതുറന്നത്.
സജീവ രാഷ്‌ട്രീയം വിട്ടേക്കുമെന്ന സൂചന നൽകിയിരുന്നെങ്കിലും അതുവേണ്ടെന്ന് ഒടുവിൽ തീരുമാനിച്ചിരിക്കുകയാണ് മുൻ മുഖ്യമന്ത്രി. ഝാർഖണ്ഡ് വോട്ടെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് യോജിക്കാൻ കഴിയുന്ന ഏത് സഖ്യകക്ഷിയുമായും കൈകോർക്കാൻ തയ്യാറാണെന്നും ചംപൈ സോറൻ വ്യക്തമാക്കിയിട്ടുണ്ട്,
തനിക്ക് മുന്നിൽ മൂന്ന് വഴികളാണുണ്ടായിരുന്നത്. വിരമിക്കൽ, പുതിയ പാർട്ടി, അല്ലെങ്കിൽ ഒരു സുഹൃത്തിനെ കണ്ടെത്തുക. ഏതായാലും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന കാര്യം എല്ലാവരെയും അറിയിക്കുകയാണ്. ഒരു പുതിയ പാർട്ടി രൂപീകരിക്കാനാണ് തീരുമാനം. പുതിയ യാത്രയിൽ നല്ലൊരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ ഒന്നിച്ച് സഞ്ചരിക്കും – ചംപൈ സോറൻ നിലപാട് വ്യക്തമാക്കി.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടിയുടെ മുതിർന്ന നേതാവായ ചംപൈ സോറൻ എത്തിയത്. ഹേമന്ത് സോറന് ജാമ്യം കിട്ടി പുറത്തിറങ്ങിയ നിമിഷം തന്നെ അദ്ദേഹം രാജിവച്ച് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി കസേരയിലിരിക്കെ പാർട്ടി നേതാക്കളിൽ നിന്നും നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് സുദീർഘമായ കുറിപ്പായിരുന്നു ചംപൈ സോറൻ എക്സിൽ പങ്കുവച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജെഎംഎമ്മിൽ നിന്ന് പടിയിറങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.