തിരുവനന്തപുരം: ഭസ്മക്കുളം മൂടണമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡ് വിശ്വാസികളുടെ താത്പര്യം പരിഗണിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ വിമർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടികൾ വിനിയോഗിച്ച് നിർമാണ പ്രവർത്തനം നടത്തുക എന്നതിലുപരി അവർക്ക് ഭസ്മക്കുളത്തിന്റെ പ്രാധാന്യമോ മറ്റ് അനുഷ്ഠാനപരമായ പശ്ചാത്തലമൊന്നും ദേവസ്വം ബോർഡ് പരിശോധിച്ചിട്ടില്ല. യഥാർത്ഥത്തിലൊരു ഭസ്മക്കുളം അവിടെയുണ്ട്. മാളികപ്പുറം ക്ഷേത്രത്തിന് മുന്നിലായി ഭസ്മക്കുളം നിലനിന്നിരുന്നു. ആ ഭസ്മക്കുളം മൂടണോ വേണ്ടയോ എന്നതിനെ കുറിച്ച് 1987-ൽ ഒരു ദേവപ്രശ്നം നടത്തിയിരുന്നു. താനും ആ ദേവപ്രശ്നത്തിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് ഇതേ കാര്യം ഉന്നയിച്ചപ്പോൾ ഭസ്മക്കുളം ഒരിക്കലും മൂടാനോ വേണ്ടെന്ന് വയ്‌ക്കാനോ പാടില്ലെന്നാണ് വ്യക്തമായത്.
തിക്കും തിരക്കും ഭക്തജനങ്ങളുടെ സൗകര്യവും കണക്കിലെടുത്ത് ആ ഭസ്മക്കുളത്തിൽ നിന്ന് ഒരു ചാല് ഇട്ട് മറ്റൊരു സ്ഥലത്ത് വെള്ളം ശേഖരിച്ച് അവിടെ ഭസ്മക്കുളമാക്കി ഉപയോഗിക്കാമെന്ന് അന്ന് പറഞ്ഞിരുന്നു. നിലവിലുള്ള ഭസ്മക്കുളം നിലനിൽക്കണമെന്നും അതിന് വിശ്വാസവുമായി ഏറെ ബന്ധമുണ്ടെന്നുമാണ് അതിനർത്ഥം. അന്നത്തെ ദേവസ്വംബോർഡ് ആ ഭസ്മക്കുളം നിലനിർത്തിക്കൊണ്ട് ചാലുണ്ടാക്കിയാണ് പുതിയൊരു ഭസ്മക്കുളം നിർമിച്ചത്. അത് മൂടണമെന്നാണ് ദേവസ്വം ബോർഡ് ഇപ്പോൾ പറയുന്നത്.
കുളത്തിന് തൊട്ടടുത്തുള്ള ലാറ്ററിൻ കോംപ്ലക്സിൽ നിന്ന് മാലിന്യങ്ങൾ വരുന്നതിനാലാണ് ഭസ്മക്കുളം മൂടണം എന്ന് ദേവസ്വം പറയുന്നത്. മാലിന്യം വരുന്നതിനാൽ ലാറ്ററിൻ കോംപ്ലക്സ് അവിടെ നിന്ന് മാറ്റണമെന്നാണ് അവർ പറയേണ്ടത്. ഏത് മാലിന്യങ്ങളും നീക്കാനുള്ള സംവിധാനം ഇന്നുണ്ട്. ആവശ്യമെങ്കിൽ ലാറ്ററിൻ കോംപ്ലക്സിൽ നിന്ന് മാലിന്യങ്ങൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണം. വിശ്വാസം കണക്കാക്കാതെ വെറുമൊരും നിർമാണ പ്രവർത്തനം എന്ന നിലയിലാണ് അവർ മുന്നോട്ട് പോകുന്നത്. ഭസ്മക്കുളത്തിന്റെ ആചാരപരമായ വിശ്വാസത്തിന് പ്രാധാന്യം നൽകുന്നില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.















