സിനിമാ മേഖലയിൽ വനിതാ ജീവനക്കാർ നേരിടുന്ന ചൂഷണങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാരിനെ തന്നെ സമീപിക്കേണ്ടി വരുന്നത് ഗതികേട് കൊണ്ട് മാത്രമാണെന്ന് നടി പാർവതി തിരുവോത്ത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിക്കാൻ പോകുന്ന നടപടികളെ ഉറ്റുനോക്കുകയാണെന്നും അതല്ലാതെ മറ്റ് വഴികളില്ലെന്നും അവർ പറഞ്ഞു. തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുന്ന പാർട്ടിയെ പ്രതിനിധീകരിക്കുന്ന സർക്കാർ അതിന് വിരുദ്ധമായ സമീപനമാണ് കൈക്കൊള്ളുന്നതെന്നും പാർവതി വിമർശിച്ചു.
“സർക്കാരിന്റെ അടുത്തേക്ക് വീണ്ടും വീണ്ടും പോകുന്നത് നിയമവാഴ്ചയിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്. WCCക്ക് സർക്കാരിനെ വിശ്വസിക്കാതിരിക്കാൻ കഴിയില്ല എന്ന അവസ്ഥയാണുള്ളത്. വിശ്വസിക്കാതെ മറ്റ് വഴിയില്ല. അതുകൊണ്ടാണ് സർക്കാരിനെ സമീപിക്കുന്നത്. നമ്മൾ വോട്ട് ചെയ്തും, നികുതി കൊടുത്തും അധികാരത്തിൽ എത്തിക്കുന്ന സർക്കാർ നമ്മുടെ പ്രശ്നത്തിന് പരിഹാരം കാണണം. അത് അവരുടെ ഉത്തരവാദിത്വമാണ്. സർക്കാരിനെ വിശ്വസിക്കാതിരിക്കാൻ പറ്റാത്ത ഗതികേടിലാണെന്നതാണ് യാഥാർത്ഥ്യം.
സർക്കാർ കോൺക്ലേവ് നടത്തുമെന്ന് പറയുന്നു. അതിലേക്ക് എല്ലാ സീരിയൽ-സിനിമാ ആർട്ടിസ്റ്റുകളെയും കൊണ്ടുവരുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ അതിൽ കുറ്റം ചെയ്തവരുൾപ്പടെയാണ് എത്തുന്നത്. ഇതിൽ തന്നെ കോൺക്ലേവിന്റെ ഉദ്ദേശശുദ്ധി കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ട്, എങ്ങനെയാണ് ഈ കോൺക്ലേവ് നടത്താൻ സർക്കാർ പദ്ധതിയിടുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഓരോ സമയത്തും സർക്കാർ നമുക്ക് പ്രതീക്ഷ തരും, പക്ഷെ നടപടിയുണ്ടാകില്ല, സർക്കാരിന്റെ നടപടിക്ക് വേണ്ടി കാലങ്ങളോളം കാത്തിരിക്കും. തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഒരു പാർട്ടിയുടെ സർക്കാർ, എന്തുകൊണ്ടാണ് ഇത്രയധികം സ്ത്രീകൾ ജോലി ചെയ്യുന്ന ഈയൊരു മേഖലയിൽ സ്ത്രീ ജീവനക്കാരുടെ അവകാശങ്ങളെ ഇത്രയും ചെറുതാക്കി കാണുന്നത്? സർക്കാർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ആശയങ്ങൾക്ക് വിപരീതമായ പ്രസ്താവനകളാണ് സർക്കാരിനെ വിമർശിച്ച് ചോദ്യം ചെയ്താൽ ലഭിക്കുന്ന മറുപടി. അതുകൊണ്ട് വ്യക്തിപരമായി പലപ്പോഴും പ്രതീക്ഷകൾ നഷ്ടപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്.
ഇരകളെന്തുകൊണ്ട് പൊലീസിനെ സമീപിക്കുന്നില്ലെന്ന് സർക്കാർ ചോദിക്കുകയാണ്. അതും നമ്മളാണോ ചെയ്യേണ്ടത് എന്ന മറുചോദ്യമാണ് അതിന് ഞങ്ങൾക്ക് നൽകാനുള്ള മറുപടി. കേസുമായി മുന്നോട്ട് പോയിട്ടുള്ള എത്രപേർക്കാണ് ഇവിടെ നീതി ലഭിച്ചിട്ടുള്ളത്? എന്നിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ ചോദ്യം.”- പാർവതി തിരുവോത്ത് മനസുതുറന്നു.















