പത്തനംതിട്ട: ശബരിമലയിലെ ഭസ്മക്കുളം മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിർമിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം വിശ്വാസ ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി. ഭസ്മക്കുളം കാരണമില്ലാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം ദുരൂഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി ബാബു പ്രതികരിച്ചു.
ദേവഹിതം നോക്കാതെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഭസ്മക്കുളം മലിനമാവാതിരിക്കാൻ മറ്റ് വഴികൾ തേടാമെന്നിരിക്കെയാണ് ഒരു വാസ്തു ശാസ്ത്ര വിദഗ്‌ദ്ധനെ കൂട്ടുപിടിച്ച് പുതിയ ഭസ്മക്കുളം നിർമിക്കാൻ കോടികൾ മുടക്കുന്നത്. ഭക്തജനങ്ങളുടെ ഹിതമോ ക്ഷേത്രത്തിെന്റെ ആചാരമോ നോക്കാതെ തികച്ചും അശാസ്ത്രീയമായ നിർമിതികൾ സാമ്പത്തിക താൽപര്യം മുൻനിർത്തിയാണ് നടത്തുന്നത്.
അഴിമതി നിറഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഴിമതി നടത്താൻ പുതിയ വഴികൾ തേടുകയാണ്. 18-ാം പടിയ്‌ക്ക് മുകളിലെ നിർമിതി ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. നടപ്പന്തലിൽ പുതിയ ഗണപതി ക്ഷേത്രം നിർമിക്കാനും ശ്രമം നടക്കുന്നു. ഭക്തജനങ്ങൾക്ക് മലമൂത്ര വിസർജനത്തിനുള്ള ശുചിമുറികൾ പൊളിച്ച് കളഞ്ഞാണ് പുതിയ ക്ഷേത്ര നിർമാണം തുടങ്ങുന്നത്. ദേവസ്വം ബോർഡ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് സ്വമേധയാ വിഷയത്തിലിടപെട്ട ഹൈക്കോടതി നിലപാട് സ്വാഗതാർഹമാണ്. ഇത് ഭക്തർക്ക് ആശ്വാസം പകരുന്നതുതാണെന്നും ആർ.വി ബാബു പറഞ്ഞു.















